ഓവലിൽ ഇന്ത്യൻ വിസ്മയം; ഇംഗ്ലണ്ടിനെതിരെ 157 റൺസിന്റെ തകർപ്പൻ ജയം
പേരാമ്പ്ര: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ വിജയപ്രതീക്ഷകളെ വേരോടെ പിഴുതെറിഞ്ഞ് ഇന്ത്യക്ക് 157 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. 368 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം അവസാന സെഷനില്‍ 210 റണ്‍സിന് പുറത്തായി. 157 റണ്‍സ് ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ആദ്യ ഇന്നിംഗ്സില്‍ 99 റണ്‍സിന്‍റെ ലീഡ് വഴങ്ങിയിട്ടും ജയം പിടിച്ചെടുക്കാനായത് ഇന്ത്യന്‍ ജയത്തിന് ഇരട്ടിമധുരമായി. സ്കോര്‍ ഇന്ത്യ 191, 466, ഇംഗ്ലണ്ട് 290,210. പരമ്പരയിലെ അവസാന ടെസ്റ്റ് ഈ മാസം 10ന് മാഞ്ചസ്റ്ററില്‍ തുടങ്ങും.
ഓവലില്‍ അവസാനദിനം വിജയത്തിലേക്ക് ബാറ്റു വീശാനാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 100 റണ്‍സടിച്ച് റോറി ബേണ്‍സും ഹസീബ് ഹമീദും വിജയത്തിലേക്കുള്ള വഴി വെട്ടുകയും ചെയ്തു. എന്നാല്‍ 50 റണ്‍സെടുത്ത റോറി ബേണ്‍സിനെ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു.
ജോ റൂട്ടിലൂടെയും ഹസീബ് ഹമീദിലൂടെയും രണ്ടാം സെഷനില്‍ വിജയത്തിലേക്ക് ബാറ്റു വീശാനിറങ്ങിയ ഇംഗ്ലണ്ടിനെ രവീന്ദ്ര ജഡേജയും ജസ്പ്രീത് ബൂമ്രയും ചേര്‍ന്ന് എറിഞ്ഞിട്ടു. ഒടുവില്‍ അവസാന പ്രതീക്ഷയായ ജോ റൂട്ടിനെ ഷര്‍ദ്ദുല്‍ ബൗള്‍ഡാക്കുകയും ആദ്യ ഇന്നിംഗ്സില്‍ തിളങ്ങിയ ക്രിസ് വോസ്കിനെ ഉമേഷ് പുറത്താക്കുകയും ചെയ്തതോടെ വിജയത്തിലേക്കുള്ള വഴി തുറന്ന് ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി.
ആദ്യ സെഷനില്‍ കരുതലോടെ തുടങ്ങിയെങ്കിലും റോറി ബേണ്‍സിനെും ഡേവിഡ് മലനെയും നഷ്ടമായ ഇംഗ്ലണ്ട് 131-2 എന്ന നിലയിലാണ് ഇംഗ്ലണ്ട് ലഞ്ചിന് പിരിഞ്ഞത്. ലഞ്ചിനുശേഷം ജഡേജയെ റിവേഴ്സ് സ്വീപ്പ് ചെയ്തും പേസര്‍മാരെ ആത്മവിശ്വാസത്തോടെ ബൗണ്ടറി കടത്തിയും ജോ റൂട്ട് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് വീണ്ടും വിജയം സ്വപ്നം കണ്ടു.
എന്നാല്‍ അഞ്ച് റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ പിഴുത ജഡേജയും ബുമ്രയും ചേര്‍ന്ന് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ എറിഞ്ഞുടച്ചു. ലഞ്ചിനുശേഷം ഇംഗ്ലണ്ടിനെ ആദ്യം ഞെട്ടിച്ചത് ജഡേജയായിരുന്നു. അര്‍ധസെഞ്ചുറിയുമായി നിലയുറപ്പിച്ച ഹസീബ് ഹമീദിനെ(63) ക്ലീന്‍ ബൗള്‍ഡാക്കിയാണ് ജഡേജ ഇംഗ്ലണ്ടിന്‍റെ വിജയപ്രതീക്ഷകള്‍ക്കുമേലെ ആദ്യ ആണി അടിച്ചത്.
ആദ്യ ഇന്നിംഗ്സിലെ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായ ഓലി പോപ്പായിരുന്നു പിന്നീട് ക്രീസിലെത്തിയത്. എന്നാല്‍ പോപ്പിനെ(2) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ബുമ്ര മടക്കി. പിന്നാലെ ജോണി ബോയര്‍സ്റ്റോയെ മനോഹരമായൊരു യോര്‍ക്കറില്‍ കടപുഴക്കിയ ബുമ്ര ഇംഗ്ലണ്ടിന് ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ നിന്ന് ഇംഗ്ലണ്ട് കരകയറിയില്ല.
ബുമ്രയുടെ യോര്‍ക്കറില്‍ ജോ റൂട്ട് തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും മറുവശത്ത് ജഡേജയുടെ സ്പിന്‍ കെണിയില്‍ മൊയീല്‍ അലി(0) വീണു. അക്കൗണ്ട് തുറക്കും മുമ്പെ അലിയെ ഷോര്‍ട്ട് ലെഗ്ഗില്‍ സൂര്യകുമാര്‍ യാദവിന്‍റെ കൈകകളിലെത്തിച്ച് ജഡേജ ഇംഗ്ലണ്ടിന്‍റെ തകര്‍ച്ച വേഗത്തിലാക്കി.
ഒരറ്റത്ത് വിക്കറ്റുകള്‍ നിലംപൊത്തുമ്പോഴും ക്യാപ്റ്റന്‍ ജോ റൂട്ടിലായിരുന്നു ഇംഗ്ലണ്ടിന്‍റെ സമനില പ്രതീക്ഷകള്‍. എന്നാല്‍ ഷര്‍ദ്ദുല്‍ ആ പ്രതീക്ഷകളെ എറിഞ്ഞിട്ടു. ഷര്‍ദ്ദുലിന്‍റെ പന്ത് തേര്‍ഡ് മാനിലേക്ക് കട്ട് ചെയ്യാന്‍ ശ്രമിച്ച റൂട്ട്(36) ബൗള്‍ഡായി. അവസാന പ്രതീക്ഷയായ ക്രിസ് വോക്സിനെ(18) ചായക്ക് മുമ്പ് ഉമേഷ് രാഹുലിന്‍റെ കൈകകളിലെത്തിച്ചതോടെ അവസാന സെഷനില്‍ പിന്നീടെല്ലാം ചടങ്ങുകളായി. ചായക്കുശേഷം ഓവര്‍ടണെയും(10) ആന്‍ഡേഴ്സണെയും(2) പുറത്താക്കി ഉമേഷ് യാദവ് ഇന്ത്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ചു. ഇന്ത്യക്കായി ഉമേഷ് മൂന്നും ജഡേജയും ബുമ്രയും ഷര്‍ദ്ദുലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.