‘ഓഫീസില്‍ വന്നാല്‍ വേഗം ഇറങ്ങിപ്പോകണം, കാര്യങ്ങള്‍ സൗകര്യമുള്ളപ്പോള്‍ ചെയ്തുതരും’; കോഴിക്കോട് പ്രധാനാധ്യാപികയെ എ.ഇ.ഒ ഓഫീസ് സൂപ്രണ്ട് അപമാനിച്ചതായി പരാതി


കോഴിക്കോട്: പ്രധാന അധ്യാപികയുടെ ചുമതല വഹിക്കുന്ന അധ്യാപികയെ സിറ്റി ഉപജില്ല എ.ഇ.ഒ ഓഫീസ് സൂപ്രണ്ട് രവിശങ്കര്‍ പരസ്യമായി അപമാനിച്ചതായി പരാതി. പരപ്പില്‍ ജി.എല്‍.പി സ്‌കൂള്‍ അധ്യാപികയാണ് സിറ്റി പൊലീസ് മേധാവി എ.വി ജോര്‍ജിന് പരാതി നല്‍കിയത്.

ഗ്രേഡ് ഫിക്‌സേഷനുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സര്‍വീസ് ബുക്ക് തിരിച്ചുവാങ്ങാന്‍ പോയപ്പോള്‍ എ.ഇ.ഒ ഓഫീസ് സൂപ്രണ്ട് പരസ്യമായി അധിക്ഷേപിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. അധ്യാപികയുടെ സര്‍വ്വീസ് ബുക്ക് കഴിഞ്ഞ ജൂണ്‍ മുതല്‍ എ.ഇ.ഒ ഓഫീസിലാണുള്ളത്. നേരിട്ടും ഫോണിലൂടെയും ചോദിക്കുമ്പോഴെല്ലാം ഫിക്‌സേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് ജീവനക്കാര്‍ മറുപടി നല്‍കിയത്.

സര്‍വ്വീസ് ബുക്ക് വാങ്ങാനായി ചൊവ്വാഴ്ച രാവിലെ ഓഫീസില്‍ എത്തിയപ്പോള്‍ വൈകുന്നേരം വരാന്‍ പറഞ്ഞ് തിരിച്ചയച്ചു. വൈകുന്നേരം എ.ഇ.ഒ ഇറങ്ങിപ്പോകുന്നത് കണ്ട് സര്‍വ്വീസ് ബുക്കില്‍ ഒപ്പിടുന്ന കാര്യം ക്ലര്‍ക്കിനോട് ചോദിച്ചപ്പോള്‍ സൂപ്രണ്ട് അധിക്ഷേപിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഓഫീസില്‍ വന്നിട്ടുണ്ടെങ്കില്‍ വേഗം ഇറങ്ങിപ്പോകണമെന്നും സര്‍വീസ് ബുക്കിലെ കാര്യങ്ങള്‍ സൗകര്യമുള്ളപ്പോള്‍ ചെയ്തുതരുമെന്നും സൂപ്രണ്ട് പറഞ്ഞെന്നാണ് ആരോപണം. ജീവനക്കാരുടെയും മറ്റ് സ്‌കൂളിലെ പ്രധാന അധ്യാപകരുടെയും സാന്നിധ്യത്തിലായിരുന്നു അവഹേളനമെന്നും അവര്‍ പരാതിയില്‍ പറയുന്നു.