‘ഓപ്പറേഷന്‍ ജാവ’ മോഡല്‍ നീക്കം; കോട്ടൂളി സ്വദേശിയുടെ അക്കൗണ്ടില്‍നിന്നു പോയ പണം തിരിച്ചുപിടിച്ച് സൈബര്‍ പൊലീസ്


കോഴിക്കോട്: റിട്ട. സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത പണം ഉടന്‍ തിരിച്ചുപിടിച്ച് കോഴിക്കോട് സൈബര്‍ പൊലീസ്. അക്കൗണ്ടില്‍ നിന്നു പണം നഷ്ടപ്പെട്ടതായി അറിഞ്ഞ ഉടന്‍ പരാതി നല്‍കിയതാണ് ‘ഓപ്പറേഷന്‍ ജാവ’ മോഡല്‍ നീക്കത്തിനു സൈബര്‍ പൊലീസിനെ സഹായിച്ചത്. കോട്ടൂളി സ്വദേശിയായ സെയില്‍സ് ടാക്‌സ് മുന്‍ അസി. കമ്മിഷണര്‍ സി. രാമചന്ദ്രനാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്.

കനകാലയ ബാങ്കിനു സമീപം അദ്ദേഹത്തിന്റെ ഒഴിഞ്ഞുകിടക്കുന്ന വീട് വാടകയ്ക്കു കൊടുക്കാനുണ്ടെന്നു വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയിരുന്നു. കേന്ദ്ര വ്യവസായ സംരക്ഷണ സേന (സിഐഎസ്എഫ്) ഉദ്യോഗസ്ഥനാണെന്ന വ്യാജേന ഓഗസ്റ്റ് 29ന് ഒരാള്‍ ബന്ധപ്പെട്ടു. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കു സ്ഥലംമാറ്റമാണെന്നും വീട് വാടകയ്ക്കു വേണമെന്നുമാണു പറഞ്ഞത്. വീടിന്റെ ചിത്രങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ടതായും അറിയിച്ചു.

ആധാര്‍ കാര്‍ഡിന്റെയും പാന്‍ കാര്‍ഡിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും കോപ്പികള്‍ വാട്‌സാപ് വഴി രാമചന്ദ്രന് അയയ്ക്കുകയും ചെയ്തു. വീട് വാടകയ്‌ക്കെടുക്കാനുള്ള പണം പട്ടാളത്തില്‍ നിന്ന് അനുവദിച്ചുകിട്ടുമെന്നും, അത് രാമചന്ദ്രന്റെ അക്കൗണ്ടിലേക്ക് നേരിട്ട് വരുമെന്നും അറിയിച്ചു. അതിനു രാമചന്ദ്രന്റെ അക്കൗണ്ട് വിവരങ്ങള്‍ വേണം. അതിനായി അക്കൗണ്ടില്‍ നിന്ന് ചെറിയൊരു തുക ഓണ്‍ലൈനായി അയയ്ക്കാന്‍ ആവശ്യപ്പെട്ടു.

ആ തുക വാടകയുടെ അഡ്വാന്‍സിനൊപ്പം തിരികെ തരുമെന്നും പറഞ്ഞിരുന്നു. മകന്റെ അക്കൗണ്ടില്‍ നിന്നാണ് രാമചന്ദ്രന്‍ പണം അയച്ചത്. അതോടെ അക്കൗണ്ടില്‍നിന്ന് 96,000 രൂപ നഷ്ടമായി. വൈകാതെ രാമചന്ദ്രന്‍ കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഉത്തരേന്ത്യയിലെ സ്വകാര്യബാങ്കിന്റെ അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടത്തിയതെന്നു സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ കെ.ആര്‍. ഫെബിന്റെ നേതൃത്വത്തില്‍ കണ്ടെത്തി. ഉടന്‍ പൊലീസ് ആ ബാങ്കുമായി ബന്ധപ്പെട്ടു.

തുടര്‍ന്നാണ് 85,000 രൂപ തിരികെ ലഭിച്ചത്. 9,000 രൂപയോളം അതിനിടെ എടിഎം കാര്‍ഡുപയോഗിച്ച് പിന്‍വലിച്ചിരുന്നു. തട്ടിപ്പുകാരന്‍ അയച്ചു കൊടുത്ത ആധാര്‍ കാര്‍ഡിന്റെയും പാന്‍കാര്‍ഡിന്റെയും യഥാര്‍ഥ ഉടമ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചുപോയതാണെന്നും കണ്ടെത്തി. പണം പിന്‍വലിച്ച എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങളുപയോഗിച്ച് കുറ്റവാളിയെ കണ്ടെത്താനാവുമെന്നാണു പ്രതീക്ഷിക്കുന്നത്. മെഡിക്കല്‍ കോളെജ് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

ഓപ്പറേഷന്‍ ജാവ

ഓണ്‍ലൈന്‍ തട്ടിപ്പുകാരെ സൈബര്‍ പൊലീസ് അന്വേഷിച്ച് പിടികൂടുന്ന കഥയാണ് ‘ഓപ്പറേഷന്‍ ജാവ’ സിനിമ പറഞ്ഞത്. സിനിമ ഹിറ്റായതോടെ സൈബര്‍ പൊലീസിന്റെ സഹായം തേടിയെത്തുന്ന പരാതിക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. തട്ടിപ്പു നടന്നതായി തിരിച്ചറിഞ്ഞയുടന്‍ സൈബര്‍ പൊലീസിനെ സമീപിച്ചാല്‍ കുറ്റവാളിയെ കണ്ടെത്തുന്നത് താരതമ്യേന വേഗത്തിലാക്കാമെന്ന് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സാധാരണയായി ഓണ്‍ലൈന്‍ തട്ടിപ്പു നടത്തിയാല്‍ പണം രണ്ടോ മൂന്നോ അക്കൗണ്ടുകളിലൂടെ കൈമറിഞ്ഞുപോവും. അത്രയും ബാങ്കുകളുമായി ബന്ധപ്പെട്ട് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയെന്നത് ബുദ്ധിമുട്ടാവും. എങ്കിലും കുറ്റവാളികളെ കണ്ടെത്തി പണം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും പൊലീസുകാര്‍ പറഞ്ഞു.