ഓണ്‍ലൈന്‍ പണമിടപാടുകളില്‍ മാറ്റം:ജനുവരി ഒന്നുമുതല്‍ ടോക്കണൈസേഷന്‍, ഇടപാടുകള്‍ക്ക് 16 അക്ക കാര്‍ഡ് നമ്പര്‍ അല്ലെങ്കില്‍ ടോക്കണ്‍ ആവശ്യം


ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ജനുവരി ഒന്നുമുതല്‍ ടോക്കണൈസേഷന്‍ വരുന്നു. പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് ഇന്ത്യന്‍ റിസര്‍വ് ബാങ്ക് പറയുന്നത്. ജനുവരി ഒന്നുമുതല്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് നിങ്ങളുടെ പതിനാറ് അക്ക കാര്‍ഡ് നമ്പര്‍ ടൈപ്പ് ചെയ്യുകയോ അല്ലെങ്കില്‍ കച്ചവടക്കാര്‍ നല്‍കുന്ന ടോക്കണ്‍ ഉപയോഗിക്കുകയോ വേണം. മെര്‍ച്ചന്റുമാരോടും പേയ്മെന്റ് ഗെയ്റ്റ്വേകളോടും അവരുടെ കൈവശമുള്ള ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് ആയ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്താണ് റിസര്‍വ് ബാങ്കിന്റെ പുതിയ നിയമം?

2022 ജനുവരി ഒന്നു മുതല്‍ കാര്‍ഡ് മുഖേനയുള്ള പണമിടപാടുകളില്‍ മെര്‍ച്ചന്റുമാര്‍ക്ക് ഉപഭോക്താക്കളുടെ കാര്‍ഡിന്റെ വിവരങ്ങള്‍ സൂക്ഷിച്ചു വെയ്ക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറക്കിയ നോട്ടീസില്‍ ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. മുമ്പ് സൂക്ഷിച്ചുവെച്ച കാര്‍ഡ് വിവരങ്ങള്‍ നീക്കം ചെയ്യണമെന്നും റിസര്‍വ് ബാങ്ക് മെര്‍ച്ചന്റുമാരോട് നിഷ്‌കര്‍ഷിക്കുന്നു. പണമിടപാടിന്റെ ട്രാക്കിങ്ങിനും മറ്റാവശ്യങ്ങള്‍ക്കും കാര്‍ഡിന്റെ നമ്പറിലെ അവസാന നാലക്കങ്ങളും കാര്‍ഡ് ഇഷ്യു ചെയ്ത ബാങ്കിന്റെ/സ്ഥാപനത്തിന്റെ പേരും ഉള്‍പ്പെടെ പരിമിതമായ വിവരങ്ങള്‍ സൂക്ഷിക്കാമെന്നും ആര്‍ബിഐ നിര്‍ദ്ദേശത്തില്‍ പറയുന്നു.

എന്താണ് ടോക്കണൈസേഷന്‍?

കാര്‍ഡിലെ പതിനാറക്ക നമ്പറിന് പകരം ‘ടോക്കണ്‍’ എന്നറിയപ്പെടുന്ന ബദല്‍ കോഡ് ഉപയോഗിക്കുന്നതിനെയാണ് ടോക്കണൈസേഷന്‍ എന്ന് പറയുന്നത്. ടോക്കണ്‍ റിക്വസ്റ്റര്‍ നല്‍കുന്ന ആപ്പില്‍ ഒരു അപേക്ഷ സമര്‍പ്പിക്കുന്നതിലൂടെ കാര്‍ഡ് ഉടമയ്ക്ക് കാര്‍ഡ് ടോക്കണൈസ് ചെയ്യാവുന്നതാണ്. ഉപഭോക്താവിന്റെ അപേക്ഷ ടോക്കണ്‍ റിക്വസ്റ്റര്‍ കാര്‍ഡ് ശൃംഖലയ്ക്ക് നല്‍കും. തുടര്‍ന്ന് കാര്‍ഡ് ഇഷ്യൂവറിന്റെ അനുമതിയോടെ ഉപഭോക്താവിന് ടോക്കണ്‍ അനുവദിക്കും.

എസ്.ബി.ഐ കാര്‍ഡ്, പേടിഎം, ഫോണ്‍പേ, നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയെല്ലാം ടോക്കണൈസേഷനിലേക്ക് മാറാന്‍ തയ്യാറെടുത്തു കഴിഞ്ഞു.

കാര്‍ഡ് ടോക്കണൈസേഷന്‍ സുരക്ഷിതമാണോ?

‘ഓതറൈസ്ഡ് കാര്‍ഡ് ശൃംഖലകള്‍ കാര്‍ഡിന്റെ ശരിയായ വിവരങ്ങളും ടോക്കണും പ്രസക്തമായ മറ്റു വിവരങ്ങളും സുരക്ഷിതമായി സൂക്ഷിച്ചു വെയ്ക്കുന്നു. കാര്‍ഡ് നമ്പറോ കാര്‍ഡിന്റെ മറ്റു വിവരങ്ങളോ ടോക്കണ്‍ റിക്വസ്റ്റര്‍ക്ക് സൂക്ഷിച്ചു വെയ്ക്കാന്‍ കഴിയില്ല’, എന്നാണ് ഈ സംവിധാനത്തിന്റെ സുരക്ഷയെക്കുറിച്ച് റിസര്‍വ് ബാങ്ക് വെബ്സൈറ്റില്‍ പറയുന്നത്.