ഓണ്‍ലൈന്‍ പഠനം; വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈല്‍ ചാലഞ്ചുമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്
കടിയങ്ങാട്:: കോവിഡ് മഹാമാരിയില്‍ സ്വപ്‌നങ്ങള്‍ക്ക് കരിനിഴല്‍ വീണ കുറച്ച് മക്കളുണ്ട് നമ്മുടെ ചുറ്റുവട്ടത്ത്. തീര്‍ത്തും സാധാരണക്കാരുടെ മക്കള്‍. പഠിച്ച് വലിയ ആളാകണമെന്നൊക്കെ സ്വപ്‌നം കാണുന്നവര്‍. പൊതു വിദ്യാലയങ്ങളാണല്ലോ ആകാശത്തോളം സ്വപ്‌നം കാണാന്‍ അവരെ ശീലിപ്പിച്ചത്. എന്നാല്‍ ഇതിന് വഴികാട്ടികളാവേണ്ട അധ്യാപകരും വിദ്യാലയവും ഇന്നവരില്‍ നിന്നും അകലെയാണ്. പഠനം ഓണ്‍ലൈനായതോടെ എല്ലാം പാതിവഴിയില്‍ പൊലിഞ്ഞു പോയ സങ്കടമത്തിലൂടെയാണ് നിരവധി കുട്ടികള്‍ കടന്നുപോകുന്നത്.
കൂടെ പഠിക്കുന്നവര്‍ എല്ലാ സംവിധാനങ്ങളുപയോഗിക്കുമ്പോള്‍ ഇതുപോലെ കുറച്ച് മക്കള്‍ തേങ്ങിക്കരയുന്നത് അറിയാതെ പോയാല്‍ അതൊരു വേദനയാണ് . സ്വന്തം കുട്ടിക്കാണ് ഈ അവസ്ഥയെങ്കില്‍ എന്നൊന്നാലോചിച്ച് നോക്കുക. ആ അര്‍ത്ഥത്തില്‍ വേണം നമ്മുടെ കരുതലും സ്‌നേഹവും അവര്‍ക്ക് താങ്ങാവേണ്ടത്. ഈ സാഹചര്യത്തില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആ മക്കളുടെ ആശകള്‍ക്ക് ചിറക് തുന്നിചേര്‍ക്കാനൊരുങ്ങുകയാണ്. ഫോണോ, ടാബോ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മൊബൈല്‍ ചാലഞ്ച് സംഘടിപ്പിക്കുകയാണ് പഞ്ചായത്ത്.
ഒരു കുട്ടിക്ക് ഒരു ഫോണ്‍ അഥവാ ടാബ് നിങ്ങളുടെ വകയാവട്ടെ. അക്ഷരത്തിന്റെ വിശപ്പിന് നിങ്ങളിലൂടെ പരിഹാരമാവട്ടെ. ഇതിനേക്കാള്‍ വലിയ എന്ത് പുണ്യമാണ് നമുക്ക് അവകാശപ്പെടാനാവുക. പരിചിതരോടും സ്വന്തക്കാരോടും പറഞ്ഞ് ഈ ചാലഞ്ചില്‍ കണ്ണിയാവുക. നിങ്ങളുടെ ഒരു കൈ സഹായം കൊണ്ട് ഒരു പാവം കുട്ടിക്ക് ലഭിക്കുക അറിവിന്റെ ആകാശവും പുതിയ ഭൂമിയുമാണ്.