ഓണാഘോഷത്തിന്റെ തിരക്കിലാണ് പേരാമ്പ്രയിലെ പൂ വിപണിയും; വരും ദിവസങ്ങളില്‍ മികച്ച കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കച്ചവടക്കാര്‍
പേരാമ്പ്ര: തിരുവോണത്തിന് രണ്ടുനാൾ മാത്രം ശേഷിക്കെ പൂ വിപണിയിൽ തിരക്കേറി. നഗര- ഗ്രാമങ്ങളിലായി നിരവധി പൂവിപണ കേന്ദ്രങ്ങൾ സജീവം. കോവിഡിൽ മറ്റ് ജോലികൾ നഷ്ടപ്പെട്ടവരും താൽക്കാലിക മാർഗമായി പൂവിൽപ്പനയ്ക്കുണ്ട്. ജമന്തിയും ചെട്ടിയും വാടാർമല്ലിയുമൊക്കെയാണ് ഇത്തവണയും വിപണിയിൽ.
തുടക്കത്തിൽ കാര്യമായ വിൽപ്പന ഇല്ലായിരുന്നെങ്കിലും ഓണമടുത്തതോടെ വിൽപ്പന കൂടിയതായി കച്ചവടക്കാർ പറഞ്ഞു. ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിൽ വലിയ പൂക്കളം തീർക്കാനായി കൂടുതൽ കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
അതേ സമയം കോവിഡ് പ്രതിസന്ധി കാലമായതിനാൽ മുൻ ഓണസമയങ്ങളിലെ വിൽപ്പനയില്ല. സ്കൂൾ, കോളേജ്, ഓഫീസ് തുടങ്ങിയ കേന്ദ്രങ്ങളിലുണ്ടാകാറുള്ള പൂക്കള മത്സരം ഇല്ലാതായതൊക്കെ വിപണിക്ക് ക്ഷീണമായി. ഒരാഴ്ച മുമ്പാണ് നഗരത്തിൽ പൂ വിപണി തുടങ്ങിയത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് പ്രധാനമായും പൂക്കൾ എത്തുന്നത്.