ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് വില്‍പ്പന; 10 ദിവസത്തെ വില്‍പ്പനയില്‍ 150 കോടി രൂപ


കോഴിക്കോട്: സംസ്ഥാനത്ത് ഓണ വിപണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന് ഇക്കുറി റെക്കോര്‍ഡ് വ്യാപാരം. 150 കോടി രൂപയുടെ വില്‍പ്പനയാണ് ഈ ഓണക്കാലത്തെ കണ്‍സ്യൂമര്‍ ഫെഡ് നടത്തിയത്. ഓണ വിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഉത്രാടം വരെയുള്ള പത്തു ദിവസം 90 കോടിയുടെ വില്‍പ്പനയും മദ്യ ഷോപ്പുകള്‍ വഴി 60 കോടിയുടെ വിദേശ മദ്യവില്‍പ്പനയുമാണ് നടത്തിത്.

വിദേശ മദ്യ വില്‍പ്പനയില്‍ വന്‍ വര്‍ധനവാണ് ഇക്കുറിയുണ്ടായിരിക്കുന്നത്. 36 കോടിയുടെ വില്‍പ്പനയായിരുന്നു കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. സംസ്ഥാന സഹകരണ വകുപ്പ് മുഖേന കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ 2000 ഓണ വിപണികളാണ് കേരളത്തിലെമ്പാടും പ്രവര്‍ത്തിച്ചത്. കോവിഡ് രണ്ടാം തരംഗത്തിന്റെ ആഘാതത്തില്‍ നിര്‍ജ്ജീവമായിരുന്ന വിപണിയില്‍ ക്രിയാത്മകമായ ചലനമുണ്ടാക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് കഴിഞ്ഞു,

ഓണ വിപണികളിലൂടെയും ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും ശരാശരി 50 ശതമാനം വിലക്കുറവില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത് ഈയിനത്തില്‍ 45 കോടിയും. 10 ശതമാനും മുതല്‍ 30 ശതമാനം വരെ മറ്റ് നിത്യോപയോഗ സാധനങ്ങള്‍ 45 കോടിക്കും വില്‍പ്പന നടത്തി. കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെയും നിയന്ത്രണങ്ങളുടേയും ഭാഗമായി എല്ലാ ദിവസവും എല്ലാ ഔട്ട്‌ലെറ്റുകളും ഓണച്ചന്തകളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. പൂഴ്ത്തിവയ്പ്പിനോ ക്രമക്കേടിനോ ഇടനല്‍കാതെ ജനകീയ മേല്‍നോട്ടത്തില്‍ സാമൂഹിക പ്രതിബന്ധതയോടെയാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ പ്രവര്‍ത്തിച്ചതെന്ന് ചെയര്‍മാന്‍ എം. മെഹബൂബ് പറഞ്ഞു.

കണ്‍സ്യൂമര്‍ ഫെഡിന്റെ 39 വിദേശമദ്യ ശാലകളില്‍ ഉത്രാട ദിനത്തിലെ വില്‍പ്പനയില്‍ ഒന്നാമതെത്തിയത് കുന്നംകുളത്തെ വിദേശമദ്യ ഷോപ്പാണ്. 60 ലക്ഷമാണ് ഇവിടെ ഒരു ദിവസം നടന്ന വില്‍പ്പന. 58 ലക്ഷം രൂപയുടെ വില്‍പ്പനയുമായി ഞാറക്കലിലെ ഷോപ്പും 56 ലക്ഷം രൂപയുടെ വില്‍പ്പനയായി കോഴിക്കോട്ടെ ഷോപ്പും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. മാര്‍ക്കറ്റില്‍ 225 രൂപ വിലയുള്ള വെളിച്ചെണ്ണ 92 രൂപയ്ക്കും 42 രൂപ വിലയുള്ള പഞ്ചസാര 22 രൂപയ്ക്കും 35 രൂപ വില അരി 25 രൂപയ്ക്കുമാണ് സര്‍ക്കാര്‍ സബ്‌സിഡിയോടെ കണ്‍സ്യൂമര്‍ ഫെഡ് ഓണ വിപണിയില്‍ ലഭ്യമാക്കിയത്.