ഓണം ബംപര്‍: ഒരുകോടി രൂപയ്ക്ക് അര്‍ഹരായ വടകരയിലെ ഭാഗ്യശാലികളെ കണ്ടെത്തി


വടകര: കഴിഞ്ഞദിവസം നടന്ന ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പില്‍ രണ്ടാം സമ്മാനത്തിന് അര്‍ഹരായ വടകര സ്വദേശികളെ കണ്ടെത്തി. വടകര എസ്.പി ഓഫീസിലെ പോലീസുകാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചതെന്ന് വടകര ബീ.കെ ലോട്ടറി ഉടമ ബാലകൃഷ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. നാലോ അഞ്ചോ പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റാണിതെന്നും ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

രണ്ടാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ച ടിക്കറ്റുകളിലൊന്ന വടകരയിലെ ബീ.കെ ലോട്ടറീസില്‍ നിന്നും വിറ്റ TC 537460 എന്ന നമ്പറിലുള്ള ടിക്കറ്റായിരുന്നു. നേരത്തെ വിഷു ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി രൂപയുടെ ടിക്കറ്റ് വിറ്റതും ഇതേ ഏജന്‍സിയില്‍ നിന്നായിരുന്നു.

തമിഴ്‌നാട് സ്വദേശി തിരുമലൈ കുമാര്‍ വിറ്റ ടി.ഇ 645465 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറ ശാഖയില്‍ നിന്നും വിറ്റ ടിക്കറ്റാണിത്.