ഓട്ടോറിക്ഷ ആയിരുന്നു ജീവിതമാർഗം, നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു: സുമനസ്സുകളെ നമുക്ക് കൈകോർക്കാം, പ്രതീഷിന്റെ ചികിത്സയ്ക്കായി


പേരാമ്പ്ര : വർഷങ്ങളായി പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവറായിരുന്നു പേരാമ്പ്ര പുന്നയുള്ളപറമ്പിൽ എരവട്ടൂർ പാറപ്പുറം കുട്ടിപറമ്പിൽ പ്രദീഷ് (43). ഓട്ടോ ഓടിച്ച് ലഭിക്കുന്ന വരുമാനത്താലാണ് ഭാര്യ ദിവ്യയും അഞ്ചാംക്ലാസിൽ പഠിക്കുന്ന മകനുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. പത്തുവർഷംമുമ്പ് പ്രദീഷിന് ബാലൻസ് തെറ്റുന്നതുമൂലം നടക്കാൻ പ്രയാസം നേരിട്ടതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. അസുഖം കൂടിയതോടെ നടക്കാനും സ്വന്തമായി കാര്യങ്ങൾ ചെയ്യാനും പ്രയാസമായി. ഒന്നരവർഷമായി ഓട്ടോ ഓടിക്കലും നിലച്ചു.

ജനിതകമായ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന രോഗമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പ്രദീഷിന്റെ ജ്യേഷ്ഠനും സമാനമായ അസുഖം ബാധിച്ച് ഇപ്പോൾ കിടപ്പിലാണ്. അമ്മയ്ക്കും നേരത്തെ അസുഖമുണ്ടായിരുന്നു.ചെറിയ ഒറ്റമുറിവീട്ടിലാണ് പ്രദീഷിന്റെ കുടുംബം കഴിയുന്നത്.

പ്രദീഷിന്റെ അസുഖവിവരം കേട്ടറിഞ്ഞ് പേരാമ്പ്ര ഹൈസ്കൂളിൽ 1996-97 പത്താംതരം ബാച്ച് വിദ്യാർഥികൾ ചേർന്ന് സഹായ സമിതി രൂപവത്കരിച്ച് സഹായിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. പഴയകാലസുഹൃത്തിന് ചികിത്സാസഹായവും വീടുവെച്ച് നൽകലുമാണ് ലക്ഷ്യം. പേരാമ്പ്ര റീജണൽ കോ-ഓപ്പറേറ്റീവ് ബാങ്കിൽ അക്കൗണ്ടും തുടങ്ങി. ഒരു ലക്ഷത്തോളംരൂപ ഇവർ സമാഹരിച്ചിട്ടുണ്ട്. സഹായങ്ങൾ പി.ആർ.സി.ബി. 10001001023841. ഐ.എഫ്.എസ്.സി: ഐ.സി.ഐ.സി.0000104.