ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ നിന്ന് വീണ ഇരുമ്പ് പൈപ്പ് കാറിനകത്തേക്ക് തുളച്ച് കയറി; കൊയിലാണ്ടിയില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കൊയിലാണ്ടി: ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ നിന്ന് വീണ ഇരുമ്പ് പൈപ്പ് കാറിനകത്തേക്ക് തുളച്ച് കയറി. അരിക്കുളം റോഡില്‍ അമൃത സ്‌കൂളിന് സമീപമാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന യുവതി പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

പന്തല്‍ കെട്ടാനായി ഉപയോഗിക്കുന്ന നീളമേറിയ ഇരുമ്പ് പൈപ്പാണ് ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ നിന്ന് വീണത്. ഗുഡ്‌സിന്റെ പിറകില്‍ കെട്ടി വച്ചിരുന്ന ഇരുമ്പ് പൈപ്പ് ഊരി വീഴുകയായിരുന്നു.

വീണ പൈപ്പ് കാറിന് മുന്‍വശത്ത് കൂടെ ചില്ല് തുളച്ച് കയറിഡ്രൈവറുടെ സീറ്റിനു നേരെ പതിക്കുകയായിരുന്നു. യുവതിയുടെ വലത് ഷോള്‍ഡറില്‍ ഇരുമ്പ് പൈപ്പ് ഇടിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ യുവതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ നിന്ന് ഇരുമ്പ് പൈപ്പ് വീഴുന്നത് കണ്ട യുവതി മനസാന്നിധ്യം കൈവിടാതെ പ്രവര്‍ത്തിച്ചതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. നിയന്ത്രണം വിടാതെ കാര്‍ നിര്‍ത്താന്‍ യുവതിക്ക് കഴിഞ്ഞതും രക്ഷയായി.

കൊയിലാണ്ടി ശോഭിക ടെക്‌സ്‌റ്റൈല്‍സിന് സമീപം താമസിക്കുന്ന യുവതിയാണ് അപകടത്തില്‍ പെട്ടത്.

കൊയിലാണ്ടി ഭാഗത്ത് നിന്ന് പെരുവട്ടൂര്‍ ഭാഗത്തേക്ക് വാടക സാധനങ്ങള്‍ കയറ്റി പോകുകയായിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ നിന്നാണ് ഇരുമ്പ് പൈപ്പ് വീണത്. വേണ്ടത്ര സുരക്ഷയില്ലാതെയാണ് ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ വാടക സാധനങ്ങള്‍ കയറ്റി കൊണ്ടുപോയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.