ഒളിഞ്ഞിരുന്ന് ഇനി ഒരാളും പിന്തുടരേണ്ട, അക്കാര്യത്തിലും വാട്‌സാപ് തീരുമാനമാക്കി; പുതിയ ഫിച്ചറുകളെ കുറിച്ച് കൂടുതലറിയാം


മുൻനിര സമൂഹ മാധ്യമ ആപ്ലിക്കേഷനായ വാട്സാപ് ഓരോ പതിപ്പിലും പുതിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. വരാനിരിക്കുന്ന പതിപ്പിലും വാട്സാപ് ഉപയോക്താക്കളെ കാത്തിരിക്കുന്നത് നിരവധി പുത്തൻ ഫീച്ചറുകളാണ്. ഉപയോക്താക്കൾ ഏറെ കാലമായി പ്രതീക്ഷിച്ചിരിക്കുന്ന മറ്റൊരു സ്വകാര്യതാ ഫീച്ചറും വാട്സാപ് അവതരിപ്പിച്ചു. ഒളിഞ്ഞിരുന്ന് മറ്റൊരു ഉപയോക്താവിന്റെ സ്റ്റാറ്റസ് കാണുന്നതും അവസാനമായി വാട്സാപ്പിൽ വന്ന സമയം പോലുള്ള വിശദാംശങ്ങൾ രഹസ്യമായി പിന്തുടരുന്നവരെയും തടയുന്നതാണ് വാട്സാപിലെ ഈ ഫീച്ചർ.

ദിവസങ്ങൾക്ക് മുൻപാണ് ഈ സ്വകാര്യതാ ഫീച്ചർ വാട്സാപ് ഉൾപ്പെടുത്തിയത്. പുതിയ ഫീച്ചർ വന്നതോടെ ഒളിഞ്ഞിരുന്ന് വീക്ഷിക്കുന്നവരെക്കുറിച്ച് ആകുലപ്പെടാതെ ചാറ്റ് ചെയ്യാം, സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാം. ഉപയോക്താക്കൾക്ക് അവരുടെ അവസാനമായി കണ്ടതും ഓൺലൈൻ പ്രവർത്തനങ്ങളും എല്ലാവരിൽ നിന്നും അല്ലെങ്കിൽ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തവരിൽ നിന്നും മറയ്ക്കാനുള്ള ഓപ്‌ഷൻ നേരത്തെ തന്നെ വാട്സാപ് നൽകുന്നു. എന്നാൽ, ഒരാളുടെ വാട്സാപ് പ്രവർത്തനങ്ങളെ പുറത്തിരുന്ന് രഹസ്യമായി നിരീക്ഷിക്കാൻ കഴിയുന്ന ചില ആപ്പുകളും ലഭ്യമാണ്. ഇത്തരം ആപ്പുകളെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് പുതിയ വാട്സാപ് ഫീച്ചർ.

വാട്സാപ്പിന്റെ പുതിയ ഫീച്ചറുകളെ പരിചയപ്പെടുത്തുന്ന വാബീറ്റാഇൻഫോയാണ് ഈ വിവരവും പുറത്തുവിട്ടത്. ബിസിനസ് അക്കൗണ്ടുകൾ ഉൾപ്പെടെ എല്ലാ വാട്സാപ് ഉപയോക്താക്കൾക്കും പുതിയ സ്വകാര്യതാ ഫീച്ചറുകൾ ഇപ്പോൾ ഫലപ്രദമാണ് എന്നാണ് റിപ്പോർട്ട്. ഇനി മുതൽ ഒരിക്കലും അറിയാത്ത, ചാറ്റ് ചെയ്യാത്തവരുമായ വ്യക്തികൾക്ക് വാട്സാപ്പിൽ നിങ്ങൾ അവസാനം സന്ദർശിച്ച സമയവും മറ്റു ഓൺലൈൻ വിശദാംശങ്ങളും കാണാൻ സാധിക്കില്ല.

ഉപയോക്താക്കൾക്ക് നിയന്ത്രിക്കാവുന്ന (ഓണാക്കാനും ഓഫാക്കാനുമുള്ള) മറ്റ് നിരവധി വാട്സാപ് ഫീച്ചറുകളിൽ നിന്ന് വ്യത്യസ്തമാണ് പുതിയ ഫീച്ചർ. ഒരു ഉപയോക്താവിന്റെ ഓൺലൈൻ സ്റ്റാറ്റസ് ആർക്കൊക്കെ കാണാനാകുമെന്നോ കാണാനാകുന്നില്ലെന്നോ എന്നത് തീരുമാനിക്കുന്ന ഈ പുതിയ സ്വകാര്യതാ ക്രമീകരണങ്ങൾ സ്വയമേവ പ്രവർത്തിക്കുന്നതാണ്. വാട്സാപ് ആപ്പിന്റെ ബാക്ക്‌എൻഡ് വഴിയാണ് ഫീച്ചർ ആക്ടിവേറ്റ് ചെയ്തിരിക്കുന്നത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഈ ഫീച്ചര്‍ ആക്ടീവേറ്റ് ചെയ്യാൻ ഉപയോക്താക്കൾ ഒന്നും ചെയ്യേണ്ടതില്ല എന്നതാണ് ഇതിനർഥം. ഇതൊരു ബാക്ക്‌എൻഡ് മാറ്റമായതിനാൽ വാട്സാപ് എപ്പോൾ ഇത് പൂർണമായും അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. ഇപ്പോൾ ഈ മാറ്റങ്ങൾ ഉപയോക്താക്കളെ അൽപം ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഇതിനാൽ തൽക്കാലം എന്തെങ്കിലും മാറ്റംവരുത്താൻ വാട്സാപ് സെറ്റിങ്സിലേക്ക് പോകേണ്ടതില്ല.

വാട്സാപ് ഉപയോക്താവിന്റെ അവസാനമായി കണ്ടതും ഓൺലൈൻ പ്രവർത്തനങ്ങളും ട്രാക്ക് ചെയ്യാൻ കഴിയുന്ന നിരവധി തേർഡ് പാർട്ടി ആപ്പുകൾ ഉണ്ട്. സ്വകാര്യത ഓപ്‌ഷൻ പ്രവർത്തനക്ഷമമാക്കിയിട്ടും ഇത് സംഭവിക്കുന്നു. ഈ ആപ്പുകൾ നിങ്ങളുടെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുക മാത്രമല്ല, നിങ്ങളെ നിരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ആർക്കും അവ ലോഗ് ചെയ്യുകയും ചെയ്യാം. ഇത്തരക്കാരെ പ്രതിരോധിക്കാൻ വാട്സാപ്പിന്റെ പുതിയ ഫീച്ചർ സഹായകരമാണ്.