ഒറ്റപ്രസവത്തിൽ മൂന്ന് കിടാക്കളുമായി പൂവാലിപ്പശു


വളയം: ഒറ്റപ്രസവത്തിൽ പശുവിന് മൂന്ന് കുഞ്ഞുങ്ങൾ. വളയം പൂവ്വംവയലിലെ ജിഷ്ണു പ്രണോയ് നഗറിലെ ചാമയുള്ള പറമ്പത്ത് രാജന്റെ ജഴ്സി പശുവാണ് അദ്യപ്രസവത്തിൽ മൂന്ന് കിടാവുകൾക്ക് ജന്മം നൽകിയത്. രണ്ടുവർഷംമുമ്പ്‌ വാങ്ങിയ പശുവാണ്. ‌

ബുധനാഴ്ച രാത്രി ഒരു കുഞ്ഞ് പകുതി പുറത്ത് വന്നനിലയിൽ കണ്ടതിനെത്തുടർന്ന് വെറ്ററിനറി ഡോക്ടറെ വീട്ടിലെത്തിച്ച് കിടാവിനെ പുറത്തെടുക്കുകയായിരുന്നു. പിന്നീട് രണ്ട് കിടാക്കളെക്കുടി പുറത്തെടുത്തു.

മൂന്നും കന്നുകുട്ടികളാണ്. ഗർഭകാലത്ത് പശുവിന് പ്രത്യേക ലക്ഷണമൊന്നും കണ്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. കിടാങ്ങൾ മൂന്നെണ്ണമായതോടെ പാൽ സൊസൈറ്റിയിൽ കൊടുക്കാതെ കിടാങ്ങൾക്ക് കുടിക്കാൻ കൊടുക്കാനാണ് രാജന്റെ തീരുമാനം. ദിനംപ്രതി നിരവധി പേരാണ് കൗതുകക്കാഴ്ച കാണാൻ വരുന്നത്.