ഒറ്റക്കെട്ടായി കേരളം; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണ; പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയുമായി സംസാരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതികളെ ഒറ്റക്കെട്ടായി നേരിടാനൊരുങ്ങി കേരളം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാറിന് പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷം അറിയിച്ചു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മുഖ്യയമന്ത്രി പിണറായി വിജയനുമായി മഴക്കെടുതി സംബന്ധിച്ച് സംസാരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയും സഹകരണവും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.

രണ്ട് ദിവസമായി തുടരുന്ന മഴയിൽ പലയിടത്തും വീടുകളും കൃഷിയും നശിച്ചു. പുഴകൾ കരകവിഞ്ഞൊഴുകുന്നു. കടൽ പ്രക്ഷുബ്ധമാണ്. ഡാമുകൾ തുറന്നു. ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്നു. എല്ലാവരും ജാഗ്രത പാലിക്കണം. അനാവശ്യ യത്രകൾ ഒഴിവാക്കണം. ഈ മഴ ദിനങ്ങളിൽ ജീവഹാനിയും കൂടുതൽ നാശനഷ്ടങ്ങളും ഉണ്ടാകാതെ നോക്കണം.

എല്ലാ കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകരും മഴക്കെടുതിയിൽ വലയുന്നവരെ സഹായിക്കാൻ മുന്നോട്ട് വരണമെന്നും സർക്കാർ സംവിധാനങ്ങൾ അങ്ങേയറ്റം കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ഉറപ്പു വരുത്തണമെന്നും നേതാക്കൾ പറഞ്ഞു.