ഒരു മാസത്തിലേറെയായി കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; അയല്‍വാസി അറസ്റ്റില്‍


തിരൂർ: ആതവനാട് ചോറ്റൂരിലെ ചെങ്കൽക്വാറിയിൽ പഴക്കംചെന്ന മൃതദേഹം കണ്ടെത്തി. മൃതദേഹം പൂർണമായും പുറത്തെടുക്കാനായിട്ടില്ല. മാർച്ച് 10-ന് കാണാതായ കഞ്ഞിപ്പുര ചോറ്റൂരിലെ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി(21)ന്റേതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ അയൽവാസിയായ കഞ്ഞിപ്പുര ചോറ്റൂർ വരിക്കോടൻ അൻവറിനെ (38) അറസ്റ്റുചെയ്തു.

ഫർഹത്തിനെ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. യുവതിയുടെ മൂന്നുപവൻ സ്വർണാഭരണം കൈക്കലാക്കിയശേഷം മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പോസ്റ്റ്മോർട്ടത്തിന് ശേഷമേ യുവതിയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. വെട്ടിച്ചിറയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ ഫർഹത്ത് മാർച്ച് പത്തിന് രാവിലെ വീട്ടിൽനിന്ന് ജോലിക്ക് പോയശേഷം വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ നാട്ടുകാരായ ചിലരാണ് ക്വാറിയിൽ മണ്ണ് ഇളകിയനിലയിൽ കണ്ടത്. സംശയം തോന്നിയതിനാൽ പോലീസിൽ വിവരമറിയിച്ചു.

തിരൂർ ഡിവൈ.എസ്.പി. കെ. സുരേഷ്ബാബു, വളാഞ്ചേരി സി.ഐ. പി.എം. ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ, ഇരുട്ടായതോടെ ഇന്നലെ മൃതദേഹം പുറത്തെടുത്തിട്ടില്ല. ക്വാറിയും പരിസരവും പോലീസ് കാവലിലാണ്.

മൃതദേഹം അഴുകിയനിലയിലായതിനാൽ ബുധനാഴ്ച ഫോറൻസിക് വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും എത്തിയശേഷമേ പോസ്റ്റ്മോർട്ടമുൾപ്പെടെ നടക്കുകയുള്ളൂ. പ്രതിയെ ബുധനാഴ്ച സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പുനടത്തിയശേഷം കോടതിയിൽ ഹാജരാക്കും.