‘ഒരു ബെഞ്ചിൽ ഒരു കുട്ടി മാത്രം’; സംസ്ഥാനത്ത് സ്കൂൾ തുറക്കൽ മാർ​ഗരേഖയായി


തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മാർ​ഗരേഖയായി. 1 മുതൽ 7 വരെ ഉള്ള ക്ലാസ്സിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താൻ പാടുള്ളൂ. എൽപി തലത്തിൽ ഒരു ക്ലാസിൽ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യുപി തലം മുതൽ ക്ലാസ്സിൽ 20 കുട്ടികൾ ആകാമെന്നും മാർഗ രേഖയിൽ പറയുന്നു.

ആദ്യ ഘട്ടത്തിൽ ഇല്ല സ്കൂളുകളിൽ ഉച്ച ഭക്ഷണം ഉണ്ടാവില്ല. അവസ്ഥ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കും. ആരോ​ഗ്യ,വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ മാർഗ്ഗ രേഖ മുഖ്യമന്ത്രിക്ക് കൈമാറും. അന്തിമ മാർ​ഗരേഖ നാളെ പുറത്തിറക്കിയേക്കും. വിവിധ വിഭാഗങ്ങളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കരട് തയ്യാറാക്കിയത്.

കുട്ടികളിലും രക്ഷിതാക്കളിലുമുള്ള ആശങ്കയും ആരോഗ്യവകുപ്പിന്റെ കൊവിഡ് പ്രോട്ടോക്കോളും പരിഗണിച്ചാണ് എണ്ണത്തിൽ കർശന നിയന്ത്രണം. കൂട്ടം കൂടി ക്ലാസുകളിൽ കുട്ടികളിരിക്കുന്നത് ഒഴിവാക്കാനാണ് നിർദ്ദേശം. 1 മുതൽ 4 വരെയുള്ള ക്ലാസിൽ ഒരു ബെ‍ഞ്ചിൽ ഒരു കുട്ടി മാത്രമേ ഉണ്ടാവൂ. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഒരു ബഞ്ചിൽ രണ്ട് കുട്ടികളെയിരുത്താം.

എൽപി തലത്തിൽ ഒരു ക്ലാസിൽ 30 കുട്ടികളാണ് വേണ്ടത്. മാർഗ്ഗരേഖ അനുസരിച്ചാണെങ്കിൽ മൂന്ന് ബാ‍ച്ചായി കുട്ടികളെ തിരിക്കേണ്ടിവരും. ബാച്ച് തയ്യാറാക്കുന്നതിന് സ്കൂളുകൾക്ക് സ്വാതന്ത്രം നൽകും. പല സ്കൂളിലെയും കുട്ടികളുടെ എണ്ണം വ്യത്യാസമായ സാഹചര്യത്തിലാണിത്. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഒരുമിച്ച് ഇടവേള പാടില്ല. അതനുസരിച്ച് ടൈം ടേബിൾ തയ്യാറാക്കണം.