ഒരു ദിവസം,15 കേന്ദ്രം,14,000 ബിരിയാണി; പയ്യോളി സ്കൂളിലെ ബിരിയാണി ഫെസ്റ്റ് ഗിന്നസ് ബുക്കിലേയ്ക്ക്


പയ്യോളി: പയ്യോളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബിരിയാണി ഫെസ്റ്റ് ഗിന്നസ് ബുക്കില്‍ ഇടം നേടിയേക്കും. സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഇത്രയധികം പേര്‍ക്ക് ആദ്യമായാണ് ബിരിയാണി ഫെസ്റ്റ് നടന്നത്. പുതുതായി നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തിലേക്ക് ഫര്‍ണിച്ചറിന് പണം ശേഖരിക്കുന്നതിന് വേണ്ടിയാണ് ജനകീയ പങ്കാളിത്തത്തോടെ ഫെസ്റ്റ് സംഘടിപ്പിച്ചത്.

പയ്യോളി മുനിസിപ്പാലിറ്റി, മൂടാടി, തിക്കോടി, തുറയൂര്‍, മണിയൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ 15 ഓളം കേന്ദ്രങ്ങളില്‍ പാചകം ചെയ്താണ് ബിരിയാണി വിതരണം ചെയ്തത്. പയ്യോളി ഹൈസ്‌കൂള്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍, അധ്യാപകര്‍ എന്നിവരൊക്കെ ഫെസ്റ്റിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി.

ബിരിയാണി ഫെസ്റ്റിലൂടെ പതിനാല് ലക്ഷത്തോളം രൂപ സമാഹരിക്കാൻ കഴിയുമെന്ന് പി.ടി.എ പ്രസിഡണ്ട് കളത്തിൽ ബിജു പറഞ്ഞു. നേരത്തെ ജനകീയ പങ്കാളിത്തത്തോടെ സ്‌കൂളിന്റെ വികസനത്തിന്നായി ഒരു കോടി 40 ലക്ഷം രൂപ സമാഹരിക്കുകയും അടിസ്ഥാന സൗകര്യത്തിന്നായി ഒട്ടേറെ വികസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

പിടിഎ പ്രസിഡന്റ് കളത്തില്‍ ബിജു, പ്രധാനാധ്യാപകൻ കെ.എൻ.ബിനോയ് കുമാർ, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ പ്രതീപ് കുമാര്‍, വിഎച്ച്സി പ്രിന്‍സിപ്പാള്‍ സജിത്ത്, പയ്യോളി നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ്, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് ടി.ഖാലിദ്, പുതുക്കുടി ഹമീദ്, പി.ജനാര്‍ദ്ദനന്‍, സബീഷ് കുന്നങ്ങോത്ത്, റാണാ പ്രതാപ്, കെ.രുഗ്മാംഗധന്‍, ചേലക്കല്‍ രാജന്‍, കെ.പി.ഗിരീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.