ഒരു കോവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു പഞ്ചായത്തുണ്ട് കേരളത്തില്‍, ഇടമലക്കുടിയിലെ രീതികള്‍ ഇങ്ങനെ


ഇടമലക്കുടി: ഒരാള്‍ക്ക് പോലും കോവിഡില്ലാത്ത കേരളത്തിലെ ഒരു പഞ്ചായത്താണ് ഇടമലക്കുടി. കേരളത്തില്‍ എല്ലായിടത്തും കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും ഇവിടെ ആര്‍ക്കും രോഗബാധയില്ല.

സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്താണ് ഇടമലക്കുടി. സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുന്നതിന് മുന്‍പ് സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാണ് ഇടുക്കി ജില്ലയിലെ ഈ പഞ്ചായത്ത് കോവിഡ് മുക്തം ആയത്. വനത്താല്‍ ചുറ്റപ്പെട്ട ഇടമലക്കുടിയില്‍ 26 കുടികളിലായി രണ്ടായിരത്തിലധികം ആളുകളാണ് താമസിക്കുന്നത്. ഇടമലക്കുടിയില്‍ എത്താന്‍ കാട്ടുപാതയിലൂടെ കിലോമീറ്ററുകള്‍ നടക്കണം. പുറത്തു നിന്നുള്ളവര്‍ സാധാരണ ഇവിടേക്ക് വരാറില്ല. കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ പഞ്ചായത്തും ഊരുമൂപ്പന്മാരും ചേര്‍ന്ന് പുറത്തുനിന്നുള്ളവരെ ഇടമലക്കുടിയിലേക്ക് പ്രവേശിപ്പിക്കേണ്ട എന്ന് തീരുമാനം എടുത്തു.

ജില്ലാ ഭരണകൂടവുമായി ആലോചിച്ച് ഇടമലക്കുടിയില്‍ വാക്‌സിന്‍ വിതരണം സാധ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്.