ഒരു ഓവറില്‍ 29 റണ്‍സ്; കെ.സി.എ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റില്‍ കൊയിലാണ്ടിക്കാരന്‍ രോഹന്‍ കുന്നുമ്മലിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം (വീഡിയോ കാണാം)


കൊയിലാണ്ടി: ആലപ്പുഴയിലെ എസ്.ഡി കോളേജ് മൈതാനത്ത് നടക്കുന്ന ബൈജൂസ് കെ.സി.എ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് ടി-20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവുമായി കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മല്‍. മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടിയാണ് രോഹന്‍ കളിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് എറണാകുളം ക്രിക്കറ്റ് ക്ലബ്ബുമായി നടന്ന മത്സരത്തിലാണ് രോഹന്‍ അവിസ്മരണീയമായ പ്രകടനം കാഴ്ച വച്ചത്. 49 ബോളുകളില്‍ നിന്നായി ആറ് ഫോറുകളും അഞ്ച് സിക്‌സറുകളും ഉള്‍പ്പെടെ 89 റണ്‍സാണ് രോഹന്‍ അടുച്ചെടുത്തത്. ഇന്നിംഗ്‌സിലെ ഒരോവറില്‍ 29 റണ്‍സ് എന്ന നേട്ടവും രോഹന്‍ സ്വന്തമാക്കി. മത്സരത്തില്‍ 181.6 ആയിരുന്നു രോഹന്റെ സ്‌ട്രൈക്ക് റേറ്റ്.

എറണാകുളം ക്രിക്കറ്റ് ക്ലബ്ബ് ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് രോഹന്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയത്. എന്നാല്‍ രോഹന്റെ മികച്ച ബാറ്റിങ് ഒപ്പമുണ്ടായിട്ടു പോലും മാസ്‌റ്റേഴ്‌സ ക്രിക്കറ്റ് ക്ലബ്ബിനെ ഭാഗ്യം കൈവിട്ടു. വെറും ഒരു റണ്ണിനാണ് രോഹന്റെ ടീമിന് വിജയം നഷ്ടമായത്.

കഴിഞ്ഞ ദിവസം മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബും മാസ്‌റ്റേഴ്‌സ് ആര്‍.സി.സിയുമായി മടന്ന മത്സരത്തില്‍ രോഹന്‍ പുറത്താകാതെ അര്‍ധസെഞ്ച്വറി നേടി. 43 ബോളുകളില്‍ നിന്നായി നാല് ഫോറും ഒരു സിക്‌സറും അടിച്ചാണ് രോഹന്‍ 51 റണ്‍സ് നേടി കളിയിലെ വ്യക്തിഗത ടോപ് സ്‌കോര്‍ നേടിയത്. മത്സരത്തില്‍ രോഹന്റെ ടീമായ മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് അഞ്ച് വിക്കറ്റിന് ജയിച്ചു.

ടോസ് നേടിയ മാസ്‌റ്റേഴ്‌സ് ആര്‍.സി.സി ബാറ്റിങ് തെരഞ്ഞെടുത്തു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് അവര്‍ നേടിയത്. 153 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് കളി അവസാനിക്കാന്‍ മൂന്ന് ബോള്‍ ശേഷിക്കെ വിജയലക്ഷ്യം കണ്ടു. രോഹന്റെ പ്രകടനമാണ് ടീമിന്റെ വിജയത്തിന് കരുത്തായത്.

വീഡിയോ കാണാം: