ഒരുമാസം കൊണ്ട് നശിപ്പിക്കപ്പെടുന്നത് അഞ്ചുലക്ഷത്തോളം കരിമീന്‍ കുഞ്ഞുങ്ങള്‍; അകലാപ്പുഴയിലെയും കുറ്റ്യാടിപ്പുഴയിലെയും അശാസ്ത്രീയമായ മീന്‍പിടുത്തത്തിലെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികള്‍
പേരാമ്പ്ര : അകലാപ്പുഴയിലും കുറ്റ്യാടി പുഴയിലും അശാസ്ത്രീയ രീതിയില്‍ മീന്‍ പിടുത്തം നടത്തുന്ന സംഘം സജീവമാണെന്ന് ഉള്‍നാടന്‍ മല്‍സ്യ തൊഴിലാളികള്‍. കരിമീനിന്റെ പ്രജനനകേന്ദ്രം തീവ്രപ്രകാശമുള്ള ടോര്‍ച്ച് ഉപയോഗിച്ച് കണ്ടെത്തി കോരുവല ഉപയോഗിച്ച് പിടികൂടുന്ന രീതിയാണിത്. ഉള്‍നാടന്‍ പ്രദേശത്ത് മത്സ്യസമ്പത്തുകള്‍ കുറയാനുള്ള ഒരു പ്രധാന കാരണം അശാസ്ത്രീയമായ രീതിയിലുള്ള മീന്‍പിടുത്തമാണെന്നും മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് കാരണം കരിമീന്‍ പോലുളള പോലുളള മല്‍സ്യങ്ങള്‍ കടുത്ത വംശ നാശ ഭീഷണി നേരിടുകയാണ്. കരിമീന്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ പരിപാലിച്ചു വരുന്ന സമയത്താണ് ഇവയെ വ്യാപകമായി പിടികൂടുന്നത്. ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള സമയമാണ് കരിമീനിന്റെ പ്രജനന സമയം. ചെളിയില്‍ ചെറിയ കുഴികളുണ്ടാക്കി അതില്‍ മുട്ടകള്‍ ഇടുകയാണ് കരിമീനിന്റെ പ്രജനന രീതി. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുളളില്‍ തന്നെ മുട്ട വിരിഞ്ഞു നൂറുണക്കിന് കുഞ്ഞുങ്ങള്‍ പുറത്ത് വരും. ആണും പെണ്ണും കുഞ്ഞുങ്ങള്‍ക്ക് കാവല്‍ നില്‍ക്കും. മറ്റ് കള മല്‍സ്യങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് ഇത്. രണ്ട് മാസം വരെ കുഞ്ഞുങ്ങളെ പരിപാലിക്കും. പലപ്പോഴും താവളങ്ങള്‍ മാറ്റിയും കരിമീന്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കാറുണ്ടെന്ന് ഇവയെ വളര്‍ത്തുന്ന അത്തോളിയിലെ മല്‍സ്യ കര്‍ഷകന്‍ കെ.കെ.മനോജ് പറഞ്ഞു.
കുഴികളില്‍ തങ്ങുന്ന സമയത്താണ് ആളുകള്‍ ടോര്‍ച്ചുപയോഗിച്ച് ഇവയെ കണ്ടെത്തുന്നത്. ശക്തമായ പ്രകാശം ഉണ്ടാവുമ്പോള്‍ പെട്ടെന്ന് രക്ഷപ്പെടാനും കഴിയില്ല. ആ സമയത്താണ് കോരുവല ഉപയോഗിച്ച് തളള കരിമീനിനെ പിടക്കുക. അതോടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥ വരും. ഒരു ഇണയെ നഷ്ടപെട്ടാല്‍ മറ്റാരു ഇണയെ സ്വികരിക്കാത്ത മത്സ്യമാണ് കരിമീന്‍. അപ്പോള്‍ മറ്റ് കള മല്‍സ്യങ്ങളെത്തി കുഞ്ഞുങ്ങളെ തിന്നൊടുക്കും. ഒരു ഇണയെ കോരി എടുക്കുന്നതോടേ നൂറു മുതല്‍ ഇരുനൂറു വരെ മുട്ടകളും നശിച്ച് പോകുന്നു. ഓരോ ദിവസവും നൂറുകണക്കിന് കരിമീനുകളെ ഇങ്ങനെ അശാസ്ത്രീയമായ രീതിയില്‍ പിടിക്കുമ്പോള്‍ 15000 മുതല്‍ 20,000 വരെ കുഞ്ഞുങ്ങള്‍ നശിച്ചുപോകുന്നു. ഇങ്ങനെ ഒരു മാസം കൊണ്ട് അഞ്ച് ലക്ഷത്തോളം കുഞ്ഞുങ്ങള്‍ നശിച്ചു പോകുന്നു.