ഒമിക്രോൺ; ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍
തിരുവനന്തപുരം: ഒമിക്രോൺ എന്ന കൊവിഡ് 19-ന്‍റെ പുതിയ വകഭേദം സംസ്ഥാനത്ത് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരാൻ സംസ്ഥാനസർക്കാർ. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ വഴിയും മറ്റ് ഗതാഗതമാർഗങ്ങൾ വഴിയും എത്തുന്നവർക്ക് കർശനനിരീക്ഷണം ഏർപ്പെടുത്തും. ഇവരെ പ്രത്യേക വാർഡിലേക്ക് മാറ്റിയാകും നിരീക്ഷണം ഏർപ്പെടുത്തുക. ഭയം വേണ്ട, ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരെ കാണവേ ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളത്തിൽ വച്ച് തന്നെ പരിശോധന നടത്തും. നെഗറ്റീവാണെങ്കിലും 7 ദിവസത്തെ ക്വാറന്‍റീൻ നിർബന്ധമാണ്. പോസിറ്റീവായാൽ ക്വാറന്‍റീൻ നീട്ടും. പ്രത്യേക വാർഡിലേക്ക് മാറ്റും. ഒമിക്രോൺ വേരിയന്‍റ് ഉണ്ടോ എന്നറിയാൻ ജീനോം സീക്വൻസിംഗ് നടത്തും.
വളരെ കൂടുതൽ റിസ്ക് ഉള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ 5 ശതമാനം പേർക്ക് റാൻഡം ആയി ടെസ്റ്റിംഗ് നടത്തും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ കൂടുതൽ ആരോഗ്യവകുപ്പ് ജീവനക്കാരെ നിയോഗിച്ചതായും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇതുവരെ വന്നവരുടെ കണക്കുകളെടുക്കാനാണ് നിലവിൽ ശ്രമിക്കുന്നത്. ഇതുവരെ ആരും കൊവിഡ് പോസിറ്റീവല്ല.
നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേരുന്ന കൊവിഡ് അവലോകനയോഗത്തിൽ ഇക്കാര്യത്തിൽ വിശദമായ ചർച്ചകളുണ്ടാവും. 96.05% പേരാണ് സംസ്ഥാനത്ത് വാക്സീൻ ഫസ്റ്റ് ഡോസ് സ്വീകരിച്ചത്. 65 ശതമാനത്തിലധികം പേർ സെക്കന്‍റ് ഡോസ് വാക്സീനും സ്വീകരിച്ചു. വാക്സീൻ എടുക്കുന്നതിൽ ചിലരെങ്കിലും കാലതാമസം വരുത്തുന്നുണ്ട്. സെക്കന്‍റ് ഡോസ് വാക്സീനും സ്വീകരിക്കുക എന്നത് രോഗപ്രതിരോധത്തിൽ നിർണായകമാണ്. താഴേത്തട്ടിലുള്ള ആരോഗ്യപ്രവർത്തകരെ അടക്കം നിയോഗിച്ച് വാക്സിനേഷൻ ഊർജിതമാക്കാൻ ശ്രമം തുടരും.
സംസ്ഥാനത്ത് അയ്യായിരത്തോളം അധ്യാപകർ വാക്സീൻ സ്വീകരിച്ചിട്ടില്ല എന്ന റിപ്പോർട്ടുകൾ പരിശോധിക്കുന്നുണ്ടെന്നാണ് വീണാ ജോർജ് വ്യക്തമാക്കിയത്. അവർക്ക് വാക്സിനേഷനായി പ്രത്യേക സൗകര്യങ്ങൾ നൽകേണ്ടതുണ്ടെങ്കിൽ അത് നൽകാം. വാക്സിനെടുക്കാൻ ആരും വിമുഖത കാണിക്കരുതെന്നും, സജീവമായി വാക്സിനേഷൻ സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ഓക്സിജൻ ഉത്പാദനത്തിൽ എല്ലാ ആശുപത്രികളും സ്വയം പര്യാപ്തമാകുന്നുവെന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.