ഒമിക്രോൺ വ്യാപനം: കൂടുതൽ നിയന്ത്രണങ്ങൾ വരുമോ? കേന്ദ്രസംഘം കേരളത്തിലേക്ക്


ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണും കൊവിഡും ഉയർന്ന് നിൽക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രസംഘം സന്ദർശിക്കും. കേരളം ഉൾപ്പെടെ പത്ത്
സംസ്ഥാനങ്ങളാണ് കേന്ദ്രസംഘം സന്ദർശിക്കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോൺ കേസുകളും കൊവിഡ് കേസുകളും ഉയരുന്ന സംസ്ഥാനങ്ങൾക്ക് പുറമെ കൊവിഡ് വാക്സിനേഷനിൽ പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രസംഘം എത്തും.

കേരള, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ, മിസോറം, കർണാടക, ബിഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘം എത്തുക. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഉത്തർപ്രദേശും പഞ്ചാബും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതോടെയാണ് വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ കേന്ദ്രസംഘം തീരുമാനിച്ചത്. ഇന്ത്യയിൽ ഇതുവരെ 415 പേർക്കാണ് ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ രാത്രികാല കർഫ്യൂ ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ ഇന്നലെ എട്ട് ഒമിക്രോൺ കേസുകൾ കൂടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ ആകെ എണ്ണം 37 ആയി ഉയർന്നു. അതേസമയം, സംസ്ഥാനത്ത് ആദ്യമായി ഒമിക്രോണ്‍ പോസിറ്റീവായ യുകെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിയെ (39) ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.