ഒമിക്രോണിന് പിന്നാലെ പുതിയ രോഗം ഫ്ലൊറോണ; ആശങ്കയോടെ ലോകം


കോഴിക്കോട്‌: കോവിഡിന് പിന്നാലെ അതിന്റെ പല വകഭേദങ്ങളും ലോകം ഇതിനോടകം കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ ഭീതി പടർത്തി പുതിയ രോഗം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഫ്ലൊറോണ എന്ന പേരിലുള്ള രോഗത്തിന്റെ ആദ്യ കേസാണ് ഇസ്രയേലിൽ റിപ്പോർട്ട് ചെയ്തത്. കൊറോണയുടെയും ഇൻഫ്ലുവൻസയുടെയും അണുബാധ ചേർന്നുണ്ടാകുന്ന രോഗാവസ്ഥയായ ഫ്ലൊറോണയുടെ ആദ്യ കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്രയേലിലെ റാബിൻ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച ഗർഭിണിയായ സ്ത്രീയിലാണ് ഫ്ലൊറോണ കണ്ടെത്തിയത്. യുവതി വാക്സീൻ എടുത്തിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

രോഗിയില്‍ ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കൂടുതൽ പേരിൽ വൈറസ് പടർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വൈറസിൽ വിശദമായ പഠനം വേണെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ. രാജ്യത്ത് നാലാം ഡോസ് വാക്സീനേഷൻ പുരോഗമിക്കുന്നതിനിടെയാണ് പുതിയ രോഗ ഭീഷണി.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ലോകം പോരാടുന്നതിനിടെയാണ് ഭീതി പടർത്തി ഫ്ലൊറോണ രോഗത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. അതിവേഗ വ്യാപനശേഷിയുള്ള ഒമിക്രോൺ ഒട്ടുമിക്ക രാജ്യങ്ങളിലും വ്യാപിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇസ്രയേലിൽ ഇൻഫ്ലുവൻസ കേസുകളിൽ വർധനയുണ്ടായിരുന്നു. രണ്ട് വൈറസുകളും ഒരേ സമയം ശരീരത്തിൽ പ്രവേശിക്കുന്നതാണ് ഈ പുതിയ രോഗാവസ്ഥ. യുകെയിലും യുഎസിലുമായി ഒമിക്രോണും ഡെൽറ്റയും ചേർന്ന ഡെൽമിക്രോണും വന്നിരുന്നു.