ഒമിക്രോണ്‍: ഭയക്കേണ്ട കാര്യമില്ല; മറ്റ് അസുഖങ്ങളില്ലാത്തവര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിഞ്ഞാല്‍ മതിയെന്ന് എയിംസ് മേധാവി
ന്യൂഡല്‍ഹി: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ശ്വാസകോശത്തേക്കാള്‍ ശ്വാസനവ്യവസ്ഥയുടെ മുകള്‍ ഭാഗത്തെയാണ് ബാധിക്കുകയെന്നും അതിനാല്‍ ഭയക്കേണ്ട കാര്യമില്ലെന്നും എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. മറ്റ് അസുഖങ്ങളില്ലാത്തവര്‍ ഭയക്കുകയോ ആശുപത്രി കിടക്കയിലേക്ക് വരികയോ ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
താരതമ്യേന എളുപ്പം ഭേദമാകുമെന്നതിനാല്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോണ്‍ ബാധിച്ചവരില്‍ വളരെ കുറച്ചുപേരില്‍ മാത്രമാത്രമാണ് ഓക്‌സിജന്‍ അളവ് കുറയുന്നതും ഡല്‍റ്റ വകഭേദം സൃഷ്ടിക്കുന്ന മറ്റു ചില ലക്ഷണങ്ങളും കണ്ടത്. മിക്കയാളുകള്‍ക്കും പനിയും മൂക്കൊലിപ്പും തൊണ്ടുവേദനയും ശരീരവേദനയും തലവേദനയുമാണുള്ളത്. ഇതില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ മുന്നോട്ടുവന്ന് പരിശോധനകള്‍ നടത്തണം. കാരണം മറ്റുള്ളവരില്‍ രോഗം പടരുന്നത് തടയാന്‍ ഇത്തരം ആളുകളെ ഐസൊലേഷനില്‍ നിര്‍ത്തുന്നതുവഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്ത 1270 ഒമിക്രോണ്‍ കേസുകളില്‍ 374 പേര്‍ക്ക് പൂര്‍ണമായും രോഗം ഭേദമായതായി കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.