ഒമിക്രോണ്‍ നിസാരക്കാരനല്ല: അമേരിക്കയില്‍ ഒറ്റദിവസംകൊണ്ട് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത് ഒരുലക്ഷം പേര്; ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്
വാഷിങ്ടണ്‍: കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ അമേരിക്കയില്‍ വര്‍ധിക്കവെ, ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി ന്യൂയോര്‍ക്കിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ഡിസംബര്‍ അഞ്ച് മുതല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ കോവിഡ് കാരണം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പതിനെട്ടുവയസിനു താഴെയുള്ള കുട്ടികളുടെ എണ്ണത്തില്‍ നാലുമടങ്ങ് വര്‍ധവാണ് ഉണ്ടായതെന്നാണ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് പറയുന്നത്.
യു.എസിലെ കോവിഡ് 19 കേസുകളും കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ദിവസം ശരാശരി 190,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.
ഒമിക്രോണ്‍ നിസാരക്കാരനല്ല എന്ന ലോകാരോഗ്യ സംഘടന മേധാവിയുടെ വാക്കുകള്‍ ശരിവെയ്ക്കുന്നതാണ് അമേരിക്കയിലെ ഏറ്റവും പുതിയ സ്ഥിതി. മുന്വകഭേദങ്ങളെപ്പോലെ തന്നെ ഒമിക്രോണും അപകടകാരിയാണ്. രോഗികളെ വലിയ തോതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുമെന്നാണ് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് മുന്നറിയിപ്പു നല്‍കിയത്. ഇന്നലെ മാത്രം ഒരുലക്ഷം പേരെയാണ് അമേരിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.