ഒമിക്രോണിനും മുന്‍പേ എത്തി, കൂടുതല്‍ ജനിതകമാറ്റം; അപകടകാരിയോ കോവിഡ് വകഭേദം ഐഎച്ച്‌യു?


കൊറോണയുടെ വകഭേദങ്ങളില്‍ ഒമിക്രോണാണോ ആദ്യമുണ്ടായത് ഐഎച്ച്‌യുവാണോ ആദ്യമുണ്ടായത് എന്നു ചോദിച്ചാല്‍ ഉത്തരം എളുപ്പമാവില്ല. എന്നാല്‍, ആദ്യം കണ്ടെത്തിയത് ഏതാണെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാം, ഐഎച്ച്‌യുവാണ് (ബി.1.640.2). പിന്നെന്താണ് ഇപ്പോള്‍ മാത്രം ഐഎച്ച്‌യു ചര്‍ച്ചയില്‍ വരാന്‍ കാരണം. ഉത്തരം നിസ്സാരം. നവംബറില്‍ തന്നെ കണ്ടെത്തിയ വകഭേദത്തിന്റെ അതേസ്വഭാവത്തോടെ ഒരു പുതിയ ഉപഭേദം (ലീനിയജ്) കൂടി കണ്ടെത്തി.

അതിനാണ് ഐഎച്ച്‌യു എന്നു വിളിപ്പേരു നല്‍കിയിരിക്കുന്നത് (ആശങ്ക നല്‍കുംവിധം ഇതിന്റെ വകഭേദത്തെയോ ഉപഭേദത്തെയോ പരിഗണിക്കുമ്പോള്‍ ലോകാരോഗ്യ സംഘടന പുതിയ പേരു നല്‍കുമെന്നതിനാല്‍ ഇപ്പോഴത്തെ പേരിന് പ്രസക്തി കുറവാണ്). ഒമിക്രോണിനു മുന്‍പേ തന്നെ ഈ വകഭേദം ഉണ്ടെന്നതും ഇത്രയും നാളായിട്ടും കേസെണ്ണം കാര്യമായി ഉയര്‍ന്നിട്ടില്ലെന്നതുമാണ് ഐഎച്ച്‌യു അപകടകാരിയല്ലെന്ന പ്രാഥമിക നിഗമനങ്ങള്‍ക്കു പിന്നില്‍.

എന്താണ് ജനിതക മാറ്റം?

വൈറസുകള്‍ക്കു ജനിതകമാറ്റം സംഭവിക്കുന്നതു പുതിയ കാര്യമല്ല. കൊറോണ വൈറസിന്റെ കാര്യത്തിലും ഇതുതന്നെ. നേരത്തേ സാര്‍സ്, മെര്‍സ് എന്നിവയ്ക്കു കാരണമായ കൊറോണ വൈറസിന് മാറ്റം സംഭവിച്ചാണ് കോവിഡിനു കാരണമായ കൊറോണ (സാര്‍സ് കോവ്2) വൈറസ് രൂപപ്പെട്ടത്. കൊറോണയുടെ നാലായിരത്തില്‍പരം വൈറസ് വകഭേദങ്ങള്‍ (സ്‌ട്രെയിനുകള്‍) കണ്ടെത്തിയിട്ടുണ്ടെന്നു ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഒമിക്രോണിന്റെ പോക്ക്, ഡെല്‍റ്റയുടെ നില്‍പ്; കാര്യങ്ങള്‍ ‘ഹൈബ്രിഡ് വേവി’ലേക്കോ?

ചൈനയിലെ വുഹാനിലാണ് ആദ്യം വൈറസിനെ കണ്ടെത്തിയതെങ്കിലും ഇന്ത്യയില്‍ ഉള്‍പ്പെടെ മിക്കവാറും രാജ്യങ്ങള്‍ക്കു കൂടുതല്‍ തലവേദന തീര്‍ത്തതു യൂറോപ്പില്‍ നിന്നുള്ള വകഭേദമായിരുന്നു. മാറ്റം സംഭവിച്ച വൈറസിന്റെ ബാധയേറ്റവര്‍ അറിഞ്ഞോ അറിയാതെയോ വൈറസ് വാഹകരായി വിവിധ രാജ്യങ്ങളിലേക്ക് എത്തുന്നത് കൂടുതല്‍ അപകടകരമാണ്.

വകഭേദവും ഉപഭേദവും

ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഒമിക്രോണ്‍ വകഭേദം വഴിയുള്ള കേസ് സ്ഥിരീകരിക്കും മുന്‍പു തന്നെ ഫ്രാന്‍സില്‍ ‘ബി.1.640’ എന്ന വകഭേദത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഉപഭേദം മാത്രമാണ് ഇപ്പോള്‍ കണ്ടെത്തിയ ബി.1.640.2. ഒമിക്രോണിലേതിനു സമാനമായി കാര്യമായ ജനിതക മാറ്റങ്ങളുണ്ടെങ്കിലും വ്യാപനകാര്യത്തിലോ രോഗതീവ്രതയിലോ ‘ബി.1.640.2’ വകഭേദം പ്രശ്‌നമാകില്ലെന്നു ജനിതക വിദഗ്ധര്‍ പറയുന്നു.

ജനിതക മാറ്റങ്ങള്‍ ഏറെയുള്ളതിനാല്‍ നവംബറില്‍ തന്നെ ലോകാരോഗ്യ സംഘടന ‘ബി.1.640’ വകഭേദത്തെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്. എന്നാല്‍, രണ്ടു മാസം പിന്നിട്ടിട്ടും കാര്യമായ കേസുകള്‍ കൂടുന്നതായി റിപ്പോര്‍ട്ടുകളില്ല. ഇതിനിടെ, ബി.1.640.1 എന്ന ഉപവിഭാഗവും കണ്ടെത്തി. അതും കാര്യമായ പ്രശ്‌നമുണ്ടാക്കിയില്ല.

ഇപ്പോള്‍ സംഭവിച്ചത്

കഴിഞ്ഞദിവസം ബി.1.640.2 എന്ന ഉപഭേദത്തെക്കുറിച്ചു ‘മെഡ്ആര്‍ക്കൈവ്‌സ്’ ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇതേക്കുറിച്ചുള്ള ചര്‍ച്ച സജീവമായത്. ഇതുവഴി 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവഴി കോവിഡ് വന്നവരെല്ലാം ആഫ്രിക്കയിലെ കാമറൂണില്‍ നിന്നെത്തിയവരാണ്. എന്നാല്‍, ഇതിന്റെ ഉറവിടം കാമറൂണ്‍ തന്നെയാകണമെന്നില്ല. തെക്കന്‍ ഫ്രാന്‍സില്‍ തന്നെയാണു പുതിയ ഉപഭേദവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐഎച്ച്‌യുവിലെ മാറ്റം

വുഹാനില്‍ കണ്ടെത്തിയ ആദ്യ കൊറോണ വൈറസുമായുള്ള താരതമ്യപ്പെടുത്തുമ്പോള്‍ 46 ജനിതക മാറ്റങ്ങള്‍ സംഭവിച്ചുവെന്നതു പ്രധാനം തന്നെയാണ്. വൈറസിലെ പ്രോട്ടീനുകളുടെ രൂപീകരണ ഘടകമായ അമിനോ ആസിഡുകള്‍ക്കു സംഭവിച്ച മാറ്റമാണ് മറ്റൊന്ന്. ആകെ 30 അമിനോ ആസിഡുകള്‍ മാറ്റപ്പെട്ടു. 12 എണ്ണം തീര്‍ത്തും ഇല്ലാതായി. സ്ഥാനമാറ്റം സംഭവിച്ച 30 എണ്ണത്തില്‍ 14 എണ്ണവും ഇല്ലാതായതില്‍ 9 എണ്ണവും വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലാണ്.

ഈ സ്‌പൈക്ക് പ്രോട്ടീന്‍ ലക്ഷ്യമിട്ടാണ് മിക്കവാറും കോവിഡ് വാക്‌സീനുകളെല്ലാം രൂപപ്പെടുത്തിയിരിക്കുന്നത്. തല്‍ക്കാലം വാക്‌സീനുകള്‍ക്കെതിരെ ഈ വകഭേദം ശക്തമാകുമെന്ന് സൂചനയില്ലെങ്കിലും ഇതും ഗവേഷകര്‍ പൂര്‍ണമായും തള്ളിക്കളയുന്നില്ല. അതേസമയം, പുത്തന്‍ വകഭേദങ്ങളും ഉപവിഭാഗങ്ങളും രൂപപ്പെടുന്നതിനെ ഗൗരവത്തോടെ കാണണമെന്ന മുന്നറിയിപ്പും ഇതിലുണ്ട്.

ആശങ്കപ്പെടേണ്ടത്

പുതിയ ഉപവിഭാഗത്തിലെ ജനിതക മാറ്റങ്ങളില്‍ ചിലതു നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ബീറ്റ, ഗാമ, തീറ്റ, ഒമിക്രോണ്‍ വകഭേദങ്ങളിലുമുണ്ടായിരുന്നു. ഇതുവരെ കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കിയില്ലെങ്കിലും വൈറസില്‍ സംഭവിച്ചിട്ടുള്ള ജനിതക മാറ്റങ്ങളെ ഗൗരവത്തോടെ തന്നെയാണു ഗവേഷണ ലോകം കാണുന്നത്. അതുകൊണ്ടുതന്നെ വൈറസിന്റെ സ്വഭാവം, വ്യാപനരീതി, രോഗതീവ്രത തുടങ്ങിയവ സംബന്ധിച്ച് ഇനിയും പഠനങ്ങള്‍ ആവശ്യമാണെന്ന് ഇവര്‍ പറയുന്നു. തെക്കന്‍ ഫ്രാന്‍സില്‍ ഇപ്പോള്‍ സംഭവിക്കുന്ന വൈറസ് വ്യാപനത്തിനു പിന്നില്‍ ഈ ഉപവിഭാഗത്തിന് എന്തെങ്കിലും സ്വാധീനമുണ്ടോയെന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ടെന്നു ഗവേഷകര്‍ പറയുന്നു.

ലാഭം കോടികള്‍, ഒമിക്രോണില്‍ കുതിച്ച് വാക്സീന്‍ ഓഹരികള്‍; നഷ്ടം പാവങ്ങള്‍ക്ക്

തെക്കന്‍ ഫ്രാന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഐഎച്ച്‌യു മെഡിറ്ററേനീ ഇന്‍ഫെക്ഷനിലെ ഗവേഷകരാണ് പുതിയ വകഭേദത്തെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. അതുകൊണ്ട് നിലവില്‍ ഇതിനെ ‘ഐഎച്ച്‌യു’ എന്നു വിളിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ ഇതിന്റെ സാന്നിധ്യം ഇതുവരെയില്ല. നവംബര്‍ 24ന് ലോകാരോഗ്യ സംഘടന ആശങ്ക നല്‍കുന്നത് എന്നു പ്രഖ്യാപിച്ച ഒമിക്രോണ്‍ ആകട്ടെ നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. നാലു ലക്ഷത്തോളം കേസുകളും അറുപതില്‍ പരം മരണവും ഒമിക്രോണ്‍ വഴി ലോകത്ത് റിപ്പോര്‍ട്ട് ചെയ്തു.