ഒന്നര വര്‍ഷക്കാലമായി ജോലിയും കൂലിയുമില്ലാതെ പാചകത്തൊഴിലാളി കുടുംബങ്ങള്‍; കണ്ണു തുറക്കാതെ അധികൃതര്‍


കോഴിക്കോട്: ജോലിയും കൂലിയുമില്ലാതെ പാചകത്തൊഴിലാളികള്‍ പട്ടിണിയില്‍. കൊവിഡ് അടച്ചിടലിന്റെ ഏറ്റവും വലിയ ഇരകള്‍ ആരെന്നുചോദിച്ചാല്‍ പറയാന്‍ കഴിയുന്നത് സംസ്ഥാനത്താകമാനമുളളത് ആയിരക്കണക്കിന് പാചകത്തൊഴിലാളി കുടുംബങ്ങളാണെങ്കിലും ഇവര്‍ക്കായി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും ലഭ്യമാകുന്നില്ല. നാടുനീളെ വിവാഹസദ്യകള്‍ക്കും ആഘോഷങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആയിരക്കണക്കിനാളുകള്‍ക്ക് അന്നം തയ്യാറാക്കി നല്‍കുന്ന പാചകത്തൊഴിലാളികള്‍ കൊവിഡ് കാലഘട്ടത്തിലുടനീളം സ്വന്തം അന്നത്തിനുളള വക കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ നാമമാത്രമായ ആളുകളെ പങ്കെടുപ്പിച്ചു മാത്രമേ വിവാഹമടക്കമുളള ആഘോഷങ്ങളും മറ്റ് പരിപാടികളും നടത്താന്‍ പാടുളളൂ എന്ന കര്‍ശനനിര്‍ദ്ദേശം നിലവില്‍ വന്നത് മുതല്‍ പാചകക്കാരുടെ ജോലി നഷ്ടമാവുകയായിരുന്നു.

ഓണത്തിന് പോലും പരമ്ബരാഗത പാചകത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതുകൊണ്ടുതന്നെ പതിവ് ഓണക്കാലത്തെ പോലെ ഇത്തവണ ആഘോഷങ്ങളൊന്നുമില്ലാതെയാണ് തൊഴിലാളികളുടെ ഓണം കടന്നുപോയത്. ജോലിയും കൂലിയുമില്ലാതെ ബുദ്ധിമുട്ടിയ തൊഴിലാളികള്‍ അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ മുട്ടാത്ത വാതിലുകളില്ല. നിരന്തരം കലക്‌ട്രേറ്റുകള്‍ക്ക് മുന്നിലും വിവിധ ഓഫീസുകള്‍ക്ക് മുമ്ബിലും സമരങ്ങള്‍ നടത്തി. കേരളത്തിലെ 140 എംഎല്‍എമാര്‍ക്കും കേരളാ സ്റ്റേറ്റ് കുക്കിംങ്ങ് വര്‍ക്കേര്‍സ് യൂനിയന്‍ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ നിവേദനങ്ങള്‍ക്ക് നേരെ അധികൃതര്‍ കണ്ണടക്കുകയായിരുന്നു.

പല പാചകത്തെഴിലാളികളും വീടുകളില്‍ത്തന്നെയാണ് കഴിയുന്നത്. വിധവകളടക്കമുളള നിരവധി സ്ത്രീകള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടണ്ട്. ആഴ്ചയില്‍ കിട്ടുന്ന ഒന്നോ രണ്ടോ തൊഴില്‍ ദിനങ്ങളില്‍ നിന്ന് സഹായത്തിന് പോകുന്നവര്‍ക്ക് ലഭിക്കുന്ന തുച്ചമായ തുകയില്‍ നിന്ന് വേണം വീട്ടുവാടകയും ജീവിതച്ചെലവുകളും മരുന്നും മറ്റും വാങ്ങാന്‍. ഇപ്പോള്‍ ഏറെ നാളുകളായി അതും നിലച്ചതോടെ വാടക കൊടുക്കാന്‍ പോലും പറ്റാതെ അന്യന്റെ വീട്ടുവരാന്തകളില്‍ പറക്കമുറ്റാത്ത മക്കളെ ചേര്‍ത്ത് പിടിച്ചു കഴിയുകയാണ് പലരും.

ഓണത്തോടനുബന്ധിച്ച്‌ പല തൊഴില്‍ വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ പല ആനുകൂല്യങ്ങളും മറ്റും നല്‍കിയപ്പോഴും പാചകത്തൊഴിലാളികളെ അവഗണിക്കുകയായിരുന്നു. രണ്ടാം തവണയും അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാറില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും നിരാശയാണ് പാചകതൊഴിലാളികള്‍ക്ക് ലഭിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു.

2018ല്‍ പ്രാബല്യത്തില്‍ വന്ന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ക്ഷേമപദ്ധതിയില്‍ പാചകത്തൊഴിലാളികള്‍ക്ക് അംഗത്വമെടുക്കാമെങ്കിലും പരിമിതമായ സമയം കൊണ്ട് കൊവിഡ് പടരുകയും തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തതിനാല്‍ പതിനായിരക്കണക്കിന് വരുന്ന ജില്ലയിലെ പാചകത്തൊഴിലാളികള്‍ക്ക് അംഗത്വമെടുക്കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാരിന്റെ ക്ഷേമ ആനുകൂല്യങ്ങള്‍ പോലും ലഭിച്ചിട്ടില്ല.

തൊഴിലുറപ്പ് വിഭാഗങ്ങള്‍ക്ക് വരെ ഓണത്തിന് ആശ്വാസ സഹായം കൊടുക്കുമ്ബോള്‍ പാചകത്തൊഴിലാളികളെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പാചകം തൊഴിലായി പോലും അംഗീകരിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാര്‍ കണക്കില്‍ സ്‌കൂളുകളില്‍ പാചകം ചെയ്യുന്നവര്‍ മാത്രമാണ് പാചകത്തൊഴിലാളികള്‍. ലക്ഷക്കണക്കിന് പരമ്ബരാഗത പാചകത്തൊഴിലാളികളെ സര്‍ക്കാര്‍ ഇനിയും അംഗീകരിച്ചിട്ടില്ല. സമരങ്ങള്‍ നടത്തിയിട്ടും ഒരു പ്രയോജനവും കിട്ടാത്ത സ്ഥിതിയില്‍ ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിലാണ് തൊഴിലാളികള്‍. തൊഴിലില്ലാതെ ജീവിതം എങ്ങിനെ മുന്നോട്ടുകൊണ്ടുപോകണമെന്നറിയാതെ ഉഴലുകയാണ് തൊഴിലാളികള്‍.

സര്‍ക്കാര്‍ പുറത്തിറങ്ങരുത് എന്ന് പറയുമ്ബോള്‍ പട്ടിണിയും പരിവട്ടവും സഹിച്ചും അതനുസരിക്കുമ്ബോള്‍ വൈദ്യുതി ബില്ലിന്റെ പേരിലും മറ്റും സര്‍ക്കാര്‍ പലതരത്തിലും ഇവരെ ദ്രോഹിക്കുന്നതായി തൊഴിലാളികള്‍ പറയുന്നു.