ഒന്നരവർഷത്തിനു ശേഷം അവർ സ്കൂളിലെത്തിയത് സഹപാഠിയുടെ ചേതനയറ്റ ശരീരം കാണാൻ; അഹല്യയെ അവസാനമായി കാണാൻ സഹപാഠികളും അധ്യാപകരും എത്തി; കണ്ണീരണിഞ്ഞ് നാട്
പേരാമ്പ്ര: ഒന്നരവര്‍ഷത്തിന് ശേഷം പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ തുറന്നത് സഹപാഠിക്ക് വിട ചൊല്ലാന്‍. വാഹനാപകടത്തില്‍ മരിച്ച അഹല്യയെ അവസാനമായി ഒരു നോക്ക് കാണാനായി സ്‌കുളിലേക്ക് എത്തിയത് നിരവധി പേര്‍. കൂട്ടുകാര്‍ക്കൊപ്പം കളി ചിരികളുമായെത്താന്‍ അവള്‍ ഏറെ കൊതിച്ച അക്ഷരമുറ്റത്ത് എത്തിയത് അഹല്യയുടെ ചേതനയറ്റ ശരീരമാണ്.
കോഴിക്കോട് മെഡിക്കല്‍ കോളെജിലേ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് കാലത്ത് 11 മണിക്കാണ് മൃതദേഹം പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചത്. സഹപാഠികളും വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ നിരവധിപേരാണ് അഹല്യയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാനായി സ്‌കുളിലെത്തിയത്. നിറഞ്ഞ പുഞ്ചിരികളുയരേണ്ട സ്‌കുള്‍മുറ്റം ഇന്ന് കണ്ണീരണിഞ്ഞു. എല്ലാ കാര്യത്തിലം ചുറുചുറുക്കോടെ മുന്‍പന്തിയിലുണ്ടാവാറുള്ള അഹല്യ ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ സങ്കടത്തിലാണ് അധ്യാപകരും സഹപാഠികളും.
അഹല്യക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എം.കെ രാഘവന്‍ എം.പി, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, സെന്റ് ഫ്രാന്‍സിസ് സ്‌ക്കൂള്‍ മാനേജര്‍ ഫാ. ടിന്റോ ജോസഫ്, പ്രധാനാധ്യാപിക സിസ്റ്റര്‍ റോസ്ലി , പിടിഎ പ്രസിഡന്റ് മുസ്തഫ എന്നിവരും സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും എത്തി.
കൂത്താളി ആര്‍പ്പാംകുന്നത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹം അവിടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമായി പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.