ഒടുവിൽ അവൻ അമ്മക്കൈകളിൽ; അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചു


തിരുവനന്തപുരം: ഒടുവിൽ അവനെത്തി, അമ്മക്കൈകളിലേക്ക്. തിരുവനന്തപുരത്ത് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഒടുവിൽ അനുപമയ്ക്ക് കുഞ്ഞിനെ കൈമാറി. വഞ്ചിയൂര്‍ കോടതിയാണ് അനുപമയ്ക്ക് കുഞ്ഞിനെ കൈമാറിയത്. അല്പസമയം മുമ്പ് കുഞ്ഞിന്റെ വൈദ്യ പരിശോധന ഉൾപ്പെടെ കോടതി പൂര്‍ത്തിയാക്കിയിരുന്നു. അതിനുശേഷമാണ് അനുപമയ്ക്ക് കുഞ്ഞിനെ കൈമാറിയത്. ഒരു വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ അനുപമയ്ക്കും കുഞ്ഞും ഒരുമിച്ചത്. അനുപമയും അജിത്തും ഒരുമിച്ചാണ് കുഞ്ഞിനെ ഏറ്റു വാങ്ങിയത് .

ശിശു ക്ഷേമ സമിതിയുടെ മുൻപിലുള്ള സമര പന്തലിലേക്കാണ് അനുപമ കുഞ്ഞുമായി നേരെ പോയത്. സമരവുമായി മുന്നോട്ട് പോകുമെന്ന് അനുപമ പറഞ്ഞു. വടകര എം.എൽ.എ കെ.കെ. രമ ഉൾപ്പെടെയുള്ളവർ അനുപമയ്ക്കൊപ്പമുണ്ടായിരുന്നു.

ഒരു വർഷത്തിലേറെയായി നവജാത ശിശുവിൽ നിന്ന് വേര്പിരിഞ്ഞിരുന്ന അമ്മയുടെ നിരന്തരമായ നിയമ പോരാട്ടത്തിനൊടുവിലാണ് കുഞ്ഞിനെ തിരികെ ലഭിച്ചത്. ഈ അടുത്തിടെ കേരളം ഉറ്റുനോക്കിയ ഒരു നിയമപോരാട്ടമായിരുന്നു ഈ അമ്മയുടേത്. കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾക്ക് അനുപമ അറിയാതെ ദത്തു നല്കിയിരിക്കുകയായിരുന്നു.

ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തില്‍ കുഞ്ഞിനെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് അനുപമ ഹര്‍ജി നല്‍കിയിരുന്നു. സിഡബ്ള്യുസി നേരത്തെ നല്‍കിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ദത്ത് നല്‍കിയ സംഭവത്തില്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ സിഡബ്‌ള്യുസി കോടതിയില്‍ ഹാജരാക്കിയിരുന്നു. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ മുഖേനെയാണ് വഞ്ചിയൂര്‍ കുടുംബ കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്. കേസ് ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും നല്‍കിയിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.