ഒടുവില്‍ കോഴിക്കോട്ടെ വീട്ടില്‍ മുഴങ്ങിയ അജ്ഞാത ശബ്ദത്തിന്റെ കാരണം കണ്ടെത്തി; വീട് താമസയോഗ്യമല്ലെന്ന് വിദഗ്ധസംഘം


കോഴിക്കോട്: രണ്ട് മാസം മുമ്പ് വായിച്ച ആ കൗതുക വാര്‍ത്ത നമ്മളാരും മറന്നിട്ടുണ്ടാകില്ല. കോഴിക്കോട്ടെ വീട്ടില്‍ അജ്ഞാതശബ്ദം, സമാധാനത്തോടെ കഴിയാനാകാതെ ഒരു കുടുംബം എന്നെല്ലാമുള്ള തലക്കെട്ടുകള്‍ അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

ഈ ശബ്ദത്തിന്റെ കാരണം എന്താണെന്നത് സംബന്ധിച്ച് ആര്‍ക്കും ഒരു ധാരണയും ഉണ്ടായിരുന്നില്ല. ജിയോളജി വിദഗ്ധര്‍ ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പ്രേതബാധയുണ്ടെന്നത് ഉള്‍പ്പെടെ പല കഥകളും പ്രചരിച്ചു.

എന്നാല്‍ ഈ ശബ്ദത്തിന്റെ യഥാര്‍ത്ഥ കാരണം വിശദമായ പരിശോധനകള്‍ക്കൊടുവില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. ഭൗമശാസ്ത്രജ്ഞന്‍ ജി. ശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ നാല് ദിവസം നീണ്ട പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് കാരണം വിശദീകരിക്കുന്നത്. ഇലക്ട്രിക്കല്‍ റെസിസ്റ്റിവിറ്റി പഠനമാണ് വീടിന് സമീപത്തെ പ്രദേശങ്ങളില്‍ വിദഗ്ധസംഘം നടത്തിയത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


വീട് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലെ വെള്ളത്തിന്റെ ഒഴുക്ക് അസാധാരണ പ്രതിഭാസത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടിത്തറയുടെ ബെല്‍റ്റിനും കോണ്‍ക്രീറ്റിനും വിള്ളലുകള്‍ ഉണ്ടാകുന്നു. ഈ സമയത്താണ് വീട് കുലുങ്ങതെന്നും ഈ ശബ്ദമാണ് വീട്ടിനുള്ളില്‍ നിന്ന് മുഴങ്ങുന്നതെന്നുമാണ് ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ കണ്ടെത്തല്‍.

ഈ കാരണങ്ങളാല്‍ തന്നെ വീട് താമസയോഗ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വീടിന് സമീപമുള്ള മറ്റൊരു വീടിനും വിള്ളലുകള്‍ ഉള്ളത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വീട്ടിലുള്ളവരെ പുനരധിവസിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

മഴക്കാലത്താണ് പഠനം നടത്തിയത്. വേനല്‍ക്കാലത്ത് പഠനം നടത്തിയാല്‍ മാത്രമേ സോയില്‍ പൈപ്പിങ് ആണോ മറ്റെന്തെങ്കിലുമാണോ കാരണമെന്ന് പറയാന്‍ സാധിക്കൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴിക്കോട് പോലൂര്‍ തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് ഈ അസാധാരണ പ്രതിഭാസം ഉണ്ടായത്. അഞ്ച് വര്‍ഷം മുമ്പാണ് ബിജു ഇരുനില വീട് നിര്‍മിച്ചത്. അന്നുമുതല്‍ കുടുംബമായാണു താമസം. രണ്ട് മാസം മുമ്പ് മുതല്‍ രാത്രി ഇടയ്ക്കിടെ വീടിനുള്ളില്‍ ശക്തിയായി ഇടിക്കുന്ന ശബ്ദം കേട്ടുതുടങ്ങി. പകലും ഈ ശബ്ദം ഉണ്ടായതോടെ അഗ്‌നിശമനസേനയെ അറിയിച്ചു. തറയില്‍ പാത്രത്തില്‍ വെള്ളം വച്ചാലും ഇടയ്ക്കിടെ തുളുമ്പും.

വീട് താമസയോഗ്യമല്ല എന്ന വിദഗ്ധ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വീട്ടുകാരെ പുനരധിവസിപ്പിക്കാന്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.