ഒടുവില്‍ കൊക്കര്‍ണിച്ചിറ സംരക്ഷിക്കണമെന്ന നിലപാടില്‍ കലക്ടറും; ദേശീയപാതാ നിര്‍മാണ പ്ലാന്റിന് വേറെ സ്ഥലം കണ്ടെത്താന്‍ നിര്‍ദേശം


പയ്യോളി: ജൈവവൈവിധ്യ കലവറയായ കൊക്കര്‍ണിച്ചിറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന പ്രക്ഷോഭം ഫലം കാണുന്നു.കളക്ടറുടെ ചേംബറില്‍ വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ ദേശീയപാതാ നിര്‍മാണപ്ലാന്റിനായി മറ്റുസ്ഥലങ്ങള്‍ പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ ഡോ. തേജ് ലോഹിത് റെഡ്ഡി കൊയിലാണ്ടി തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.

അയനിക്കാട് പ്രദേശത്ത് എക്കര്‍കണക്കിന് സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായ പാടശേഖരമാണ് കൊക്കര്‍ണിച്ചിറ. ഈ പാടശേഖരം മണ്ണിട്ട് നികത്തിയാല്‍ ഭാവിയില്‍ ഉണ്ടാകുന്ന ആഘാതങ്ങള്‍ ചൂണ്ടിക്കാട്ടി കുറച്ചുനാളുകളായി നാട്ടുകാര്‍ കൊക്കര്‍ണിച്ചിറ സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിലായിരുന്നു. സ്വകാര്യവ്യക്തികള്‍ വാങ്ങിക്കൂട്ടിയ എട്ടര ഏക്കര്‍ പാടശേഖരം ദേശീയപാതാ നിര്‍മാണ കമ്പനിയുടെ പ്ലാന്റിനായി നല്‍കാനാണ് നീക്കം നടത്തിയത്. ഇതിന്റെ മറവില്‍ ഇവിടം നികത്തിയെടുക്കാനായിരുന്നു ഉദ്ദേശ്യമെന്നാണ് ആരോപണം.

കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ വയല്‍ നികത്താനായിട്ട മണ്ണ് പിന്നീട് മാറ്റിക്കൊടുക്കാമെന്നായിരുന്നു നിര്‍മാണ കമ്പനി ഉദ്യേഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചത്. എന്നാല്‍ ഒരുപിടി മണ്ണുപോലും അവിടെയിടാന്‍ കഴിയില്ലെന്ന ഉറച്ചനിലപാട് നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരെടുത്തു. ഇതോടെയാണ് കളക്ടര്‍ മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ്, സംരക്ഷണസമിതി ചെയര്‍മാന്‍ ഷൈനു കുന്നുംപുറത്ത്, കണ്‍വീനര്‍ ഷിജു കുന്നുംപുറത്ത്, കെ. ശശിധരന്‍, കൗണ്‍സിലര്‍മാരായ മജ്ജുഷ ചെറുപ്പനാരി, കെ. അനിത, അന്‍വര്‍ കായിരിക്കണ്ടി, തഹസില്‍ദാര്‍ സി.പി. മണി, കൃഷി ഓഫീസര്‍ അനുശ്രീ, ദേശീയപാതാ നിര്‍മാണ കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.