ഒഞ്ചിയത്ത് ആര്‍എംപിയില്‍ കൂട്ടരാജി; ഏരിയാ സെക്രട്ടറിയടക്കം 16 കുടുംബങ്ങള്‍ സിപിഎമ്മില്‍ ചേര്‍ന്നു


ഒഞ്ചിയം: ആർഎംപിയിൽനിന്ന് കൂട്ടരാജി. വടകര ഏരിയാ സെക്രട്ടറി കെ ലിനീഷ്, ആർഎംപിയുടെ സ്ഥാപകാംഗവും ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗവുമായ ഇ പി രാജേഷ് (ചിണ്ടൻ, ഓർക്കാട്ടേരി ), രാജീവൻ മണ്ടോടി ഉൾപ്പെടെ 16 കുടുംബങ്ങളാണ് രാജിവെച്ച് സിപിഎമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്.
കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്ന ആർഎംപിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് രാജിവെയ്ക്കാൻ കാരണമെന്ന് പ്രവർത്തകർ പറഞ്ഞു. നാദാപുരം റോഡിലെ എകെജി മന്ദിരത്തിൽ നടന്ന
ചടങ്ങിൽ രാജിവെച്ചവരെ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ ഹാരമണിയിച്ച് സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ശ്രീധരൻ, പി കെ ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. വടകര ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ അധ്യക്ഷനായി. ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ് സ്വാഗതം പറഞ്ഞു.
കെ ലിനീഷ്, ആർഎംപി ജില്ലാ സെക്രട്ടറിയറ്റ് മെമ്പറായിരുന്നു. ടി പി ബബിഷ് ( മണിയൂർ എൽസി ), ജിതിൻ ജയരാജ്‌ (കുറിഞ്ഞാലിയോട്), ബാബു കല്ലറക്കൽ(മുയിപ്ര), അശോകൻ എൻ കെ (ഓർക്കാട്ടേരി ), അനീഷ് ചന്ദ്രോത്ത് (ഓർക്കാട്ടേരി ), സുധീഷ് കരിപ്പള്ളി (മുയിപ്ര), ശശി കരിപ്പള്ളി ( മുയിപ്ര), രാജേഷ് കരിപ്പള്ളി (മുയിപ്ര), ബാബു കണിയാൻകുനി (ഓർക്കാട്ടേരി ), ഷംസുദീൻ ചന്ദ്രോത്ത് (ഓർക്കാട്ടേരി ), ഷാജീവൻ കയ്യാല (ഒഞ്ചിയം), ലിഗേഷ് വടയക്കണ്ടി (ഒഞ്ചിയം), സീന കരിപ്പള്ളി എന്നിവരാണ്‌ രാജിവെച്ച മറ്റു സജീവ പ്രവർത്തകർ. വരും ദിവസങ്ങളിൽ ഒഞ്ചിയം മേഖലയിൽനിന്ന് കൂടുതൽ പേർ ആർഎംപി ബന്ധം ഉപേക്ഷിക്കുമെന്ന് രാജിവെച്ചവർ പറഞ്ഞു.