കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇനി ഇരുചക്രവാഹനങ്ങള്‍ കൊണ്ടുപോകാം; ബസ് ചാര്‍ജ്ജ് കുറയ്ക്കുമെന്നും ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു


തിരുവനന്തപുരം: അടുത്തമാസം മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് ചാര്‍ജ് കുറയ്ക്കുമെന്ന് മന്ത്രി ആന്റണി രാജു. കോവിഡ് കാലത്തിന് മുമ്പ് ഉള്ള നിരക്കിലേക്ക് കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് നല്‍കിയിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഗവണ്‍മെന്റ് പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ഇത് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ലോ ഫ്‌ളോര്‍- വോള്‍വോ ബസുകളില്‍ സൈക്കിളും ഇലക്ട്രിക് സ്‌കൂട്ടറുകളും കൊണ്ടുപോകാന്‍ അനുമതി നല്‍കും. ഇതിനുള്ള നിരക്ക് ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു നിശ്ചിത തുക ഈടാക്കിയാണ് ഇത് അനുവദിക്കുന്നത്. ദീർഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ബസ്സിൽ നിന്ന് ഇറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്ര വാഹനത്തിൽ തുടർ യാത്ര സാധിക്കും. നവംബർ ഒന്നു മുതൽ ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

അന്തരീക്ഷമലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രക്ക് പ്രേരിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലോകമെങ്ങും സൈക്കിൾ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ കേരളവും അതിനൊപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.