ഐ.എച്ച്.ആർ.ഡി. ടെക്‌നിക്കൽ പ്ലസ് വൺ പ്രവേശനം; ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം


കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി.) നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം. ihrd.kerala.gov.in/thss മുഖേന ഓൺലൈനായോ താത്പര്യമുള്ള സ്കൂളുകളിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഓഗസ്റ്റ് 12.

ഓൺലൈനായി അപേക്ഷിക്കുന്നവർ അപേക്ഷാപ്രക്രിയ പൂർത്തിയാക്കിയ ശേഷം വെബ്‌സൈറ്റിൽ നിന്ന് പൂർണമായ അപേക്ഷ ഡൗൺലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധരേഖകളും 100 രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം (എസ്.സി./എസ്.ടി. വിദ്യാർഥികൾക്ക് 50 രൂപ) ഓഗസ്റ്റ് 17-ന് വൈകീട്ട് മൂന്നിനുമുമ്പായി ബന്ധപ്പെട്ട സ്കൂളുകളിൽ സമർപ്പിക്കണം. സി.ബി.എസ്.ഇ. വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്ക് നിശ്ചിതതീയതിക്കു മുമ്പായി പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തപക്ഷം അപേക്ഷ സമർപ്പിക്കുന്നതിന് അവസരം നൽകും.