ഐസ്ക്രീം ബോൾ എന്ന് കരുതി എറിഞ്ഞത് ഐസ്ക്രീം ബോംബ്; കണ്ണൂരിൽ സ്ഫോടനത്തിൽ പന്ത്രണ്ടുകാരന് പരുക്ക്
കണ്ണൂർ: ധർമ്മടത്ത് ഐസ്ക്രീം ബോൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരുക്ക്. ധര്‍മടം പാലയാട് നരിവയലിലുണ്ടായ സ്‌ഫോടനത്തിൽ പന്ത്രണ്ടുകാരനായ ശ്രീവര്‍ധ് പ്രദീപിനാണ് പരുക്കേറ്റത്. കളിക്കുന്നതിനിടെ എറിഞ്ഞ ഐസ്‌ക്രീം ബോള്‍ പൊട്ടിത്തെറിച്ചാണ് അപകടം.
കടമ്പൂര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീവര്‍ധ്. കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനും നെഞ്ചിലുമാണ് പരുക്കേറ്റത്. പരുക്ക് ഗുരതരമല്ലന്നാണ് റിപ്പോർട്ട്.
അപകട സ്ഥലത്ത് പൊലീസ് നടത്തിയ തിരച്ചിലില്‍ ഐസ്‌ക്രീം ബോംബ് കണ്ടെത്തി. മറ്റു കുട്ടികൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഐസ്ക്രീം ബോൾ എറിഞ്ഞപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.
മെയ് മാസത്തിൽ കണ്ണൂരിലെ ഇരട്ടിയിൽ ഇത്തരത്തിൽ ഐസ്ക്രീം ബോൾ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. സഹോദരങ്ങളായ മുഹമ്മദ് അമീൻ, മുഹമ്മദ് റദീസ് എന്നിവർക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്നും ലഭിച്ച ഒഴിഞ്ഞ ഒരു ഐസ്‌ക്രീം ബോൾ കൊണ്ട് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.