ഐതിഹ്യകഥ പറയുന്ന ഏഴോണക്കളി പേരാമ്പ്രയില്‍ ഇത്തവണ ഉണ്ടാകുമോ? നോക്കാം ഏഴോണക്കളി എന്നറിയപ്പെടുന്ന ആചാരം എന്താണെന്ന്


പേരാമ്പ്ര: നൊച്ചി ഇലകളാൽ ശരീരം മുഴുവൻ മറച്ച്, തുളസി(തൃത്ത)കൊണ്ടുള്ള മുടിയുമായി കാട്ടാളന്മാർ. മഞ്ഞച്ചായത്തിൽ മുക്കിയ കോറത്തുണിവേഷമണിഞ്ഞെത്തുന്ന നരി. പിന്നെ ഉണ്ണിയും നമ്പൂതിരിയും… ഇവരെല്ലാം ഒത്തുചേരുന്ന, ഐതിഹ്യകഥ പറയുന്ന ‘ഏഴോണക്കളി’ കൂനിയോടിന്റെ ഓണക്കാലത്തെ വേറിട്ട കാഴ്ചയാണ്. കൂനിയോട് പടിക്കൽ ഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമാണിത്.

കോവിഡ് കാലമായതിനാൽ കഴിഞ്ഞവർഷം ഏഴോണക്കളി ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിലെ പൂജ മാത്രമായിരുന്നു. ഇത്തവണത്തെ കാര്യത്തിൽ ആലോചനകൾ നടക്കുന്നതേയുള്ളൂ.

നാടിന്റെ ഓണാഘോഷം ഏഴോണക്കളിയോടെയേ പൂർണമാകൂ. തിരുവോണ ദിവസം രാത്രി ഒത്തുകൂടി നരിയെ കണ്ടാർക്കുക എന്ന ചടങ്ങോടെയാണ് തുടക്കം. ഏഴാം നാൾ വൈകീട്ട് ചങ്ങരോത്ത് പഞ്ചായത്തിലെ കൂനിയോട് ആൽത്തറയ്ക്ക് ചുറ്റും പെരുമയേറും കാഴ്ചയൊരുങ്ങുകയായി. നരി പിടിക്കുമെന്ന ഭയത്തോടെ ഉണ്ണിയുടെ കൈപിടിച്ച് ആൽത്തറയ്ക്കുചുറ്റും ഗ്രന്ഥക്കെട്ടുകളുമായി വൃദ്ധനമ്പൂതിരി ഓടിനടക്കുന്നതാണ് ഓണക്കളി തുടങ്ങുമ്പോൾ കാണുക. മുന്നിൽ അമ്പുകളെയ്ത് കാത്തുസംരക്ഷിക്കാനായി കാട്ടാളന്മാരുമുണ്ടാകും. അസ്ത്രങ്ങൾ തീർന്ന് കാട്ടാളന്മാരുടെ എല്ലാ ശ്രമവും അവസാനം വിഫലമാകും.

ദേവിയെ പ്രാർഥിച്ച് ഉണ്ണിയും നമ്പൂതിരിയും നരിയുടെ പിടിയിൽനിന്ന് രക്ഷപ്പെടുന്നതോടെയാണ് ഏഴോണക്കളിയുടെ അവസാനം.

പണ്ടുകാലത്ത് കൂനിയോട് ദേശത്തുകൂടി പോകവെ നരിയുടെ മുന്നിൽ അകപ്പെട്ട നമ്പൂതിരിയും ഉണ്ണിയും ദേവീസ്തുതിചൊല്ലി രക്ഷപ്പെട്ടുവെന്നതാണ് ഇതിനുപിന്നിലെ ഐതിഹ്യം.

ഊരാളന്മാരുടെ നേതൃത്വത്തിൽ ആൽത്തറയ്ക്കരികിൽ തൊഴുത് കുമ്പിടലും പ്രതീകാത്മകമായ ഓണത്തല്ലും ഓണക്കളിയുടെ ഭാഗമായി നടക്കാറുണ്ട്. തലമുറകളിലൂടെ കൈമാറിയാണ് ഇതിന്റെ ചിട്ടവട്ടങ്ങളെല്ലാം ഇന്നുള്ളവരും പഠിച്ചത്.