ഏഴ് ചക്കിട്ടപ്പാറ സ്വദേശികള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് കൃഷിഭൂമിയിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാന്‍ ഹൈക്കോടതി അനുമതി
പേരാമ്പ്ര: കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി 13 കര്‍ഷകര്‍ക്ക് കൂടി നല്‍കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് ഹൈക്കോടതി. കൃഷിയിടങ്ങളില്‍ കാട്ടുപന്നി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ വി.ഫാം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ ശാശ്വത പരിഹാരത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയില്‍ നിന്നും 12 കര്‍ഷകര്‍ക്കും, വയനാട് ജില്ലയില്‍ നിന്ന് ഒരു കര്‍ഷകനുമാണ് കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി ലഭിച്ചത്. ഹരജിക്കാർക്ക് വേണ്ടി അഡ്വ: സുമിൻ . എസ്. നെടുങ്ങാടൻ, അഡ്വ: ബിനോയ് തോമസ് എന്നിവർ ഹാജരായി.
കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുക, ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുന്നത് വരെ പഞ്ചായത്തുകള്‍ക്ക് കാട്ടുപന്നികളെ നശിപ്പിക്കാനുള്ള അധികാരം നല്‍കണമെന്ന കേന്ദ്ര നിര്‍ദ്ദേശം പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുക, മേല്‍പറഞ്ഞ രണ്ട് കാര്യങ്ങളും നടപ്പിലാക്കുന്നതുവരെ കൃഷിഭൂമിയില്‍ കയറുന്ന പന്നികളെ കൊല്ലാന്‍ കര്‍ഷകന് അനുവാദം കൊടുക്കുകയെന്നീ മൂന്ന് കാര്യങ്ങളാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടത്.
കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിട്ടുണ്ടെന്നും അതിനുള്ള അനുമതി ലഭിച്ചിട്ടില്ലെന്നും വീണ്ടും അതിനുവേണ്ടി ശ്രമിക്കുമെന്നുമാണ് ഈ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നിലപാടെന്ന് അഡ്വ. സുമിന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ജിജോ തോമസ് വട്ടോത്ത്, ബാബു പുതുപ്പറമ്പില്‍, രാജു പൈകയില്‍, ബിന്ദു ജോസഫ് മുതുകാട് കോണ്‍വന്റ്, ജോസഫ് കൊമ്മറ്റത്തില്‍, ജോണ്‍സണ്‍ മഠത്തിന്‍കാട്ട്, വര്‍ക്കി പേഴത്തിങ്കല്‍( ചക്കിട്ടപ്പാറ പഞ്ചായത്ത്),
ജോസഫ് തടത്തില്‍ (കൂരാച്ചുണ്ട് പഞ്ചായത്ത്), ലീലാമ്മ മംഗലത്ത്, തമ്പി പാറക്കണ്ടത്തില്‍, ജോസഫ് കൊടകല്ലിങ്കല്‍
(കോടഞ്ചേരി പഞ്ചായത്ത്), സജീവ് ജോസഫ് മഠത്തില്‍ (കൂടരഞ്ഞി പഞ്ചായത്ത്),
കമല്‍ ജോസഫ് (പടിഞ്ഞാറത്തറ പഞ്ചായത്ത്, വയനാട് ) എന്നിവര്‍ക്കാണ് കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.