ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണത്തിൽ സ്വർണംകെട്ടിയ രുദ്രാക്ഷമാല കാണാതായി
കോട്ടയം ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണംകെട്ടിയ രുദ്രാക്ഷമാല കാണാതായി. ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ അണിയിക്കുന്ന തിരുവാഭരണങ്ങളില് ഉള്‍പ്പെടുന്നതാണ് ഈ മാല. പുതിയ മേൽശാന്തി ചുമതലയേറ്റത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് സംഭവം പുറത്ത് അറിഞ്ഞത്. ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജറാണ് മാല വഴിപാടായി നൽകിയത്.ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി പത്മനാഭൻ സന്തോഷ് കഴിഞ്ഞമാസമാണ് ചുമതലയേറ്റത്. തുടര്‍ന്നാണ് തിരുവാഭരണങ്ങളുടെയും പൂജസാമഗ്രികളുടെയും കണക്കെടുത്തത്.
ദേവസ്വം അസിസ്റ്റൻഡ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ സ്വർണം കെട്ടിയ രുദ്രാക്ഷമാല ഇല്ലെന്ന് വ്യക്തമായി. എന്നാൽ കണക്കിൽ പെടാത്ത മറ്റൊരു മാല കൂട്ടത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. വിവരം അറിഞ്ഞ് ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ അന്വേഷണം ആരംഭിച്ചു. തിരുവാഭരണ കമ്മീഷണർ എസ് അജിത്കുമാറാണ് സംഭവം അന്വേഷിക്കുന്നത്. വിഗ്രഹത്തില്‍ സ്ഥിരമായി ചാർത്തിയിരുന്നതാണ് നഷ്ടപ്പെട്ട രുദ്രാക്ഷ മാല. മാലയുടെ തൂക്കം സംബന്ധിച്ച് കൃത്യമായ വിവരമില്ല.