ഏപ്രില്‍ ഒന്ന് മുതല്‍ കിറ്റ് വിതരണം; അരി തടഞ്ഞതിനെതിരെ നിയമനടപടിക്കൊരുങ്ങി ഭക്ഷ്യവകുപ്പ്


തിരുവനന്തപുരം: കേരളത്തില്‍ ഭക്ഷ്യകിറ്റ് വിതരണം ഏപ്രില്‍ ഒന്നിന് തുടങ്ങാന്‍ ഭക്ഷ്യവകുപ്പിന്റെ തീരുമാനം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെപഷ്യല്‍ അരി വിതരണം തടഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കിറ്റ് വിതരണം നീട്ടുന്നത്.

ഏപ്രില്‍ 1 മുതല്‍ എല്ലാ വിഭാഗത്തിനും വിഷു കിറ്റ് നല്‍കാനായി ഭഷ്യവകുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. വെള്ള, നീല കാര്‍ഡുകാര്‍ക്ക് 15 കിലോ അരി നല്‍കുന്ന സെപഷ്യല്‍ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ എതിരെ നിയമപരമായി നേരിടാനും സര്‍ക്കാര്‍ തീരുമാനം എടുത്തു. ഭഷ്യവകുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുക. കോവിഡ് കാലത്ത് സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതിയില്‍ രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നാണ് സര്‍ക്കാര്‍ വാദം.

ഈസ്റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ച് കിറ്റ് നല്‍കാനായിരുന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത്. ഈ തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അരി എത്തുന്നതില്‍ കാലതാമസം ഉണ്ടായതോടെ വിതരണം വൈകുകയായിരുന്നു. പിന്നീട് വിതരണാനുമതി തേടി സര്‍ക്കാര്‍ തെരഞ്ഞെുപ്പ് കമ്മീഷനെ സമീപിച്ചപ്പോഴായിരുന്നു അരി വിതരണത്തിന് വിലക്കേര്‍പ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ തീരുമാനം. നേരത്തെ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. സര്‍ക്കാരിന്റെ നടപടി പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും അത് തടയണമെന്നുമായിരുന്നു ചെന്നിത്തല ആവശ്യപ്പെട്ടത്.