എ പ്ലസുകാരുടെ എണ്ണത്തില്‍ വര്‍ധന; ഹയര്‍സെക്കന്റി പ്രവേശനത്തില്‍ മികവ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക


കോഴിക്കോട്:എസ് എസ് എല്‍ സിക്ക് എ പ്ലസ്സുകാരുടെ എണ്ണം ഉയര്‍ന്നതോടെ അര്‍ഹമായവര്‍ക്ക് അര്‍ഹമായ കോഴ്‌സുകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പ്രവേശനം ലഭിക്കുമോ എന്ന് ആശങ്ക. പരീക്ഷാ നടത്തിപ്പിലേയും മൂല്യ നിര്‍ണയത്തിലേയും ആനുകൂല്യങ്ങള്‍കൊണ്ട് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവരും ഉയര്‍ന്ന പഠന നിലവാരം കൊണ്ട് എ പ്ലസ് ലഭിച്ചവരും തമ്മില്‍ പ്രവേശനത്തിന് ഒരേ പോലെ മത്സരിക്കേണ്ട അവസ്ഥയാണുള്ളതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉയര്‍ന്ന പഠന നിലവാരമുള്ള കുട്ടി ആഗ്രഹിക്കുന്ന കോഴ്‌സും കോമ്ബിനേഷനും ലഭിക്കുന്നതിനുള്ള സാഹചര്യം ഇതോടെ നഷ്ടമാകുമെന്ന ആരോപണവുമായി സ്‌കൂള്‍ അധ്യാപകര്‍ തന്നെയാണു രംഗത്തുവരുന്നത്.

കോഴിക്കോട് ജില്ലയിലെ ഒരു ഹൈസ്‌കൂള്‍ അധ്യാപകന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

“കൊവിഡ് കാലത്തെ കൊട്ടിഘോഷിക്കപ്പെടുന്ന എസ് എസ് എല്‍ സി വിജയത്തെക്കുറിച്ചാണ്. സ്‌കൂളില്‍ എത്താതെ, ക്ലാസ് അന്തരീക്ഷത്തില്‍ ഇരുന്ന് അധ്യാപകരില്‍ നിന്ന് അറിവ് സ്വായത്തമാക്കാന്‍ കഴിയാത്ത കട്ടികള്‍ എഴുതിയ പരീക്ഷ. അവര്‍ക്ക് മനസ്സംഘര്‍ഷമില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുവാന്‍ ആവശ്യമായതെല്ലാം തീര്‍ച്ചയായും ചെയ്യേണ്ടതു തന്നെ.

പക്ഷേ 45 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ എ പ്ലസ് വിജയികളായി പുറത്തിറങ്ങുന്ന സാഹചര്യം തീര്‍ച്ചയായും ഒഴിവാക്കണമായിരുന്നു. പരീക്ഷാ സമ്ബ്രദായത്തെ ഇത്രമേല്‍ അശാസ്ത്രീയമായി നടപ്പാക്കരുത് എന്ന് പറയുവാന്‍ ഇവിടെ ആരും ഇല്ലാതെ പോയി. ഫോക്കസ് ഏരിയ നിശ്ചയിച്ചു, ഇരട്ടി മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് എഴുതാന്‍ അവസരം കൊടുത്തു. ഇതെല്ലാം വളരെ നല്ല തീരുമാനങ്ങളായിരുന്നു.

പക്ഷേ, മൂല്യനിര്‍ണയത്തില്‍ ഒരു പരീക്ഷയില്‍ പാലിക്കേണ്ട എല്ലാ സാമാന്യ തത്വങ്ങളെയും കാറ്റില്‍പ്പറത്തിക്കളഞ്ഞു. ഫലമോ 100 ശതമാനം മാര്‍ക്ക് നേടിയ കുട്ടിയും 45 ശതമാനം മാത്രം മാര്‍ക്ക് നേടിയ കുട്ടിയും എ പ്ലസ്സിന് ഒരേ പോലെ അര്‍ഹരായി. പലരുടെയും തുടര്‍ പഠന സാധ്യതകള്‍ പ്രതിസന്ധിയിലായി. വിദ്യാഭ്യാസ വിചക്ഷണരാരും ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷാ നടത്തിപ്പിലെ ഈ അശാസ്ത്രീയ സമീപനത്തിന്റെ അപകടവും ദുരന്തവും ചൂണ്ടിക്കാണിക്കാത്തതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.പ്രതിസന്ധിയുടെ കാലത്തും പരീക്ഷയെഴുതി വിജയിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍”.

ഇരട്ടി മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് എഴുതാന്‍ അവസരം കൊടുത്തതാണ് 45 ശതമാനം മാര്‍ക്കു വാങ്ങിയ കുട്ടിയേയും എപ്ലസ്സിന് അര്‍ഹമാക്കിയതെന്നാണ് പറയുന്നത്. ഹയര്‍ സെക്കന്‍ഡറിയില്‍ ഒരു ക്ലാസില്‍ 50 വിദ്യാര്‍ഥികള്‍ക്കുള്ള സൗകര്യമാണുള്ളത്. എന്നാല്‍ 60നു മുകളില്‍ കുട്ടികളാണ് ഇപ്പോഴുള്ളത്. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ ഇതുവരെ പ്രശ്‌നമായിട്ടില്ല. 20 ശതമാനം സീറ്റ് വര്‍ധന വരുമ്ബോള്‍ ക്ലാസില്‍ കുട്ടികളുടെ എണ്ണം ഇനിയും വര്‍ധിക്കും.

രണ്ടു ഘട്ടങ്ങളിലായി 10 ശതമാനം വീതമാണ് വര്‍ഷത്തില്‍ സീറ്റ് വര്‍ധിപ്പിക്കാറുള്ളത്. ഇതിനു പുറമേ ക്ലാസ് തുടങ്ങുന്ന ആദ്യഘട്ടത്തില്‍ സ്‌പെഷല്‍ കാറ്റഗറിയായി ഭിന്നശേഷി കുട്ടികളുടെ പ്രവേശനവും നടക്കാറുണ്ട്. സീറ്റുകള്‍ കൂട്ടിയാലും ക്ലാസ് മുറികളില്‍ സൗകര്യം ഒരുക്കാന്‍ കഴിയുമോ എന്നതും ആശങ്കപ്പെടുത്തുന്നു.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സയന്‍സിനു പുറമേ കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളില്‍ സീറ്റിനായി കുട്ടികള്‍ അപേക്ഷ നല്‍കുന്നത് വര്‍ധിക്കും. ഇക്കാര്യം പരിഗണിച്ച്‌ ഈ വിഷയങ്ങളിലും സീറ്റുകളുടെ എണ്ണം കൂട്ടേണ്ടിവരും.