എസ്.ബി.ഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: കെ.വൈ.സി പുതുക്കലിന്റെ പേരില്‍ വ്യാജ സന്ദേശം, പുതിയ തട്ടിപ്പ്; പണം നഷ്ടപ്പെടാതിരിക്കാന്‍ അറിയേണ്ട കാര്യങ്ങള്‍


കോഴിക്കോട്: താങ്കളുടെ എസ്.ബി.ഐ അക്കൗണ്ട്​ തടസപ്പെട്ടിരിക്കുന്നു, ഉടൻ കെ.വൈ.സി പുതുക്കുക. അടുത്ത ദിവസങ്ങളിലായി എസ്.ബി.ഐ അക്കൗണ്ടുള്ളവരുടെ ഫോണിലാണ് ഇത്തരം സന്ദേശം വന്നത്.

കെ.വൈ.സി പുതുക്കുന്നതിനുള്ള ലിങ്കും നൽകിയിട്ടുണ്ട്. അറിയിപ്പ് വിശ്വസിച്ച് ലിങ്കിൽ കയറിയാൽ അക്കൗണ്ടിലെ എല്ലാ വിവരങ്ങളും തട്ടിപ്പ് സംഘത്തിന്‍റെ വശമെത്തും. പിന്നെ ഇതുപയോഗിച്ചായിരിക്കും മറ്റ് തട്ടിപ്പുകൾ ആസൂത്രണം ചെയ്യുക.

അക്കൗണിലെ പണം മുഴുവൻ വലിച്ചെടുക്കുകയും ചെയ്യും. ബാങ്ക് ഉപഭോക്താക്കളുടെ പണം തട്ടിയെടുക്കാൻ പല രീതികളാണ് ഇവർ സ്വീകരിക്കുന്നത്. ഒന്നു പരിക്ഷിച്ചു കഴിഞ്ഞാൽ മറ്റൊരു രീതിയിലായിരിക്കും അടുത്ത തട്ടിപ്പിനു കളമൊരുക്കുക.

മൊബൈൽ സിം സജീവമാക്കുന്നതിൽ പോലും ഈ കവർച്ച സംഘം കടന്നു കയറിയിരുന്നു. ഫോണിലൂടെ അപരിചിതർക്ക് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും നൽകാതിരിക്കുകയാണ് തട്ടിപ്പിൽ വീഴാതിരിക്കാൻ ചെയ്യേണ്ടത്. ബാങ്കുകളിൽ നിന്ന് ഈ രീതിയിലുള്ള സന്ദേശങ്ങൾ നൽകാറുമില്ല. കെ.വൈ.സി ഫോൺ വഴി പുതുക്കാറില്ല. ബാങ്കിൽ നേരിട്ട് ഹാജരായാണ് ഇത് ചെയ്യേണ്ടതെന്ന്​ ബാങ്ക്​ അധികൃതർ പറഞ്ഞു.