എസ്ബിഐ സേവന നിരക്കുകൾ പുതുക്കി: മാസത്തില്‍ നാല് തവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ പിഴ ഈടാക്കും; മാറ്റങ്ങള്‍ ഇന്ന് മുതല്‍
കോഴിക്കോട്:എസ്ബിഐയില്‍ സേവിങ്ങ്സ് അക്കൗണ്ട് അഥവാ സീറോ ബാലന്‍സ് അക്കൗണ്ട് ഉള്ളവര്‍ക്ക് മാസത്തില്‍ നാല് തവണയില്‍ കൂടുതല്‍ പണം പിന്‍വലിക്കാന്‍ സാധിക്കില്ല. ബാങ്കുകളില്‍നിന്ന് നേരിട്ടും എടിഎം വഴിയും പണം പിന്‍വലിക്കുന്നതിനാണ് നിബന്ധന ബാധകം. ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഇത് ബാധകമല്ല. മുതിര്‍ന്ന പൗരന്മാരെയും മാറ്റങ്ങള്‍ ബാധിക്കില്ല. ജൂലൈ ഒന്ന് മുതല്‍ പുതിയ പരിഷ്‌കരണം നിലവില്‍ വരും.
മാസത്തില്‍ അധികമായി നടത്തുന്ന ഓരോ ഇടപാടിനും 15 രൂപ മുതല്‍ പിഴ ഈടാക്കും. കൂടാതെ ഇടപാടിന്മേലുള്ള ജിഎസ്ടി ടാക്സും ഉപഭോക്താക്കള്‍ അടയ്ക്കണം. സീറോ ബാലന്‍സ് അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്കുകള്‍ മാത്രമേ സൗജന്യമായി അനുവദിക്കു. അധികമായി ആവശ്യമുള്ള ചെക്കുകള്‍ക്കും പണം അടയ്ക്കണം. 10 ചെക്കുകള്‍ അടങ്ങുന്ന ബുക്കിന് 40 രൂപയും 25 ചെക്കുകളുടെ ബുക്കിന് 75 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക.
കഴിഞ്ഞ വര്‍ഷം ഐഐടി-ബോംബെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ സീറോ ബാലന്‍സ് അക്കൗണ്ട് ഉടമകളില്‍ നിന്ന് 300 കോടി രൂപയാണ് എസ്ബിഐ ഈടാക്കിയത്. 2015 മുതല്‍ 2020 വരെയുള്ള കണക്കുകളാണ് ഐഐടി-ബോംബെ പുറത്തുവിട്ടത്.
അതേസമയം, പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ഇത്തരം പരിഷ്‌കരണങ്ങള്‍ നേരത്തെയും വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സീറോ ബാലന്‍സ് അക്കൗണ്ട് ഉടമകള്‍ ഭൂരിഭാഗവും മിനിമം ബാലന്‍സ് നിബന്ധന താങ്ങാന്‍ കഴിയാത്ത സാധാരണക്കാരാണ്. കോവിഡ് മൂലം ദുരിതത്തിലായ ഇത്തരക്കാരെയാവും ഈ മാറ്റങ്ങള്‍ സാരമായി ബാധിക്കുക.