എവിടെയാണ് അവന്‍ പതുങ്ങിയിരിക്കുന്നത്? പുലിപ്പേടിയില്‍ കിനാലൂര്‍ കൈതച്ചാല്‍ നിവാസികളുടെ ഉറക്കം പോയിട്ട് രണ്ടാഴ്ച
ബാലുശ്ശേരി: എവിടെയാണ് അവന്‍ പതുങ്ങിയിരിക്കുന്നത്? കിനാലൂര്‍ കൈതച്ചാല്‍ നിവാസികളുടെ പ്രധാന ചര്‍ച്ചയിതാണ്. നാട്ടുകാര്‍ ആകെ പുലിപ്പേടിയിലാണ്. കുറ്റിക്കാടുകളും തോട്ടങ്ങളും കുന്നുകളും ഏറെയുള്ള പ്രദേശം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അരിച്ചുപെറുക്കിയിട്ടും രക്ഷയില്ല. പുലിയെ മാത്രം കണ്ടില്ല. പ്രദേശത്തു നായ്ക്കളെ കൊന്നുതിന്നതിന്റെ അവശിഷ്ടങ്ങളും മറ്റും കണ്ടെത്തിയിരുന്നു. പുലിയോ ഇതേ വര്‍ഗത്തില്‍പ്പെട്ട ഏതെങ്കിലും ജീവിയോ ആകാനുള്ള സാധ്യതയുണ്ടെന്ന് വനം അധികൃതര്‍ പറഞ്ഞു. ഈ ജിവി തിരികെ വനപ്രദേശത്തേക്കു പോയിട്ടുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
കഴിഞ്ഞ ദിവസം റബര്‍ ടാപ്പിങ്ങിനിടെയാണ് ഞാന്‍ പുലിയ കണ്ടത്. മരത്തിനു മുകളില്‍ കിടക്കുകയായിരുന്നു. അല്‍പസമയത്തിനു ശേഷം പുലി മലമുകളിലേക്കു പോയി. പ്രദേശത്ത് തൊഴിലാളികളെല്ലാം ഭീതിയിലാണ് ടാപ്പിംഗ് തൊഴിലാളി കെ.സി.രാജന്‍ പറഞ്ഞു.
രണ്ടാഴ്ചയോളമായി അജ്ഞാത ജീവിയുടെ സാന്നിധ്യം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ഇതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. കക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം.ബി. മോഹനന്‍, കെ. അഷ്‌റഫ്, കെ. അബ്ദുള്‍ ഗഫൂര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുജി കെ.പി., അസി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബിജീഷ് എന്നിവരാണ് പരിശോധന നടത്തിയത്.
വ്യാഴാഴ്ച രാവിലെ സ്ഥലത്തെത്തിയ കക്കയം ഫോറസ്റ്റ് റേഞ്ചിലെ സംഘം പ്രദേശത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്താനായില്ല. ഉണങ്ങിയ ഇലകള്‍ മൂടിയ റബ്ബര്‍ എസ്റ്റേറ്റില്‍ കാല്‍പ്പാടുകള്‍ കണ്ടെത്താനെളുപ്പമല്ലെന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്.
അതേ സമയം പ്രദേശത്ത് ഭീതി പരത്തുന്നത് പുലിപ്പൂച്ചയോ (ലെപേഡ് ക്യാറ്റ്), മീന്‍പിടിയന്‍ പൂച്ചയോ (ഫിഷിങ് ക്യാറ്റ്) ആയേക്കാമെന്നാണ് വിലയിരുത്തല്‍. ഇതിനെ നേരില്‍ക്കണ്ട നാട്ടുകാരനില്‍നിന്ന് ലഭിച്ച വിവരങ്ങളുടെയും സ്ഥലം പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാട്ടുപൂച്ചയിനത്തില്‍പ്പെട്ട പുലിപ്പൂച്ചയ്ക്ക് ശരീരത്തില്‍ പുള്ളിപ്പുലിയുടേതുപോലുള്ള പുള്ളികള്‍ ഉണ്ടാകും. വലിയ നാടന്‍ പൂച്ചയുടെ വലുപ്പമുള്ള ഇവയുടെ പ്രധാനഭക്ഷണം ചെറിയ സസ്തനികളും പക്ഷികളുമാണ്. സാധാരണ പൂച്ചയേക്കാള്‍ ഇരട്ടിവലുപ്പമുള്ള മീന്‍പിടിയന്‍പൂച്ചയുടെ മുഖ്യഭക്ഷണം മീനും ചെറിയ ജീവികളുമാണ്. കാട്ടിലെ ജലാശയങ്ങള്‍ക്കുസമീപവും ചതുപ്പുകളിലുമാണ് ഇവ കണ്ടുവരാറ്. പ്രദേശത്തിറങ്ങിയ ജീവി രണ്ട് വീടുകളിലെ വളര്‍ത്തുനായ്ക്കളെയും ഒട്ടേറെ തെരുവുനായ്ക്കളെയും ഭക്ഷണമാക്കിയ സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു.
കാര്‍ഷിക ജോലികള്‍ക്കായി മലമുകളിലേക്ക് പോകാന്‍ തൊഴിലാളികള്‍ ഭയപ്പെടുന്നു. സന്ധ്യ കഴിഞ്ഞാല്‍ ജനങ്ങള്‍ പുറത്തിറങ്ങാറില്ല. കടിച്ചുകീറിയ നിലയില്‍ ഏതാനും നായ്ക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി കര്‍ഷകര്‍ രാത്രി ഉറക്കമൊഴിഞ്ഞ് കാവലിരിക്കുകയാണ്. പുലിയെ പിടികൂടി ഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.