എഴുപത് വയസ്സിലും തളരാത്ത ഊര്‍ജവുമായി ചക്കിട്ടപാറ സ്വദേശി കെ.എം പീറ്റര്‍; മാസ്റ്റേഴ്‌സ് സംസ്ഥാന അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കരസ്ഥമാക്കിയത് രണ്ട് സ്വര്‍ണ്ണ മെഡല്‍


പേരാമ്പ്ര: മലയാളി മാസ്റ്റേഴ്‌സ് സംസ്ഥാന അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ചക്കിട്ടപാറ സ്വദേശി കെ.എം പീറ്റര്‍. രണ്ട് ഇനങ്ങളിലാണ് എഴുപത് വയസ്സിലും തളരാത്ത ഊര്‍ജവുമായി പീറ്റര്‍ ഒന്നാം സ്ഥാനത്തോടെ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാകാകിയത്. ഇന്നലെ നടന്ന മൂന്ന് കീലോ മീറ്റര്‍ ഓട്ടം, നടത്ത മത്സരം എന്നിവയിലാണ് വ്യക്തമായ ലീഡോടെ അദ്ദേഹം വിജയിച്ചത്. ഇന്ന് നടക്കുന്ന ജാവലിന്‍ ത്രോയിലും അദ്ദേഹം മത്സരിക്കുന്നുണ്ട്.

ചെറുപ്പം മുതല്‍ സ്‌പോര്‍ട്‌സിനോട് താത്പര്യമുള്ള പീറ്റര്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ദേശീയ തലത്തില്‍ നടന്ന മത്സരങ്ങളിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അന്തര്‍ ദേശീയ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയിരുന്നെങ്കിലും ഒന്നിനും ഇതുവരെ പങ്കെടുത്തിട്ടില്ല. ചക്കിട്ടപാറ സര്‍വ്വീസ് സഹകര ബാങ്കിലെ ബാങ്ക് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ചയാളാണ് പീറ്റര്‍. റിട്ടയര്‍മെന്റിന് ശേഷവും സ്‌പോര്‍ടിനോടുള്ള തന്റെ താത്പര്യം ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

പീറ്ററിന്റെ കീഴില്‍ നിരവധി പേരാണ് പരിശീലന നടത്തുന്നത്. അദ്ദേഹത്തിന്റെ പരിശീലനത്തിലൂടെ ജിന്‍സണ്‍ ജോണ്‍സ്, നയന ജെയിംസ്, ജിബിന്‍ സെബാസ്റ്റിയന്‍, അമല്‍ ടി.ജെ, സച്ചിന്‍ ജെയിംസ് എന്നിവര്‍ ദേശീയ- അന്തര്‍ ദേശീയ മത്സരങ്ങളില്‍ വിജയികളായിട്ടുണ്ട്.

ഏലിക്കുട്ടിയാണ് പീറ്ററിന്റെ ഭാര്യ. നിധിന്‍ പീറ്റര്‍, സ്റ്റെഫി പീറ്റര്‍ എന്നിവര്‍ മക്കളാണ്. സ്‌പോര്‍ട്‌സിനോടുള്ള മക്കളുടെ താത്പര്യവും പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. തൃശ്ശൂരില്‍ വെറ്റിനറി ഡോക്ടറായി സേവനമനുഷ്ടിക്കുന്ന നിധിന്‍ പീറ്റര്‍ ദേശീയ തലത്തില്‍ നടന്ന നടത്ത മത്സരത്തിലും വിജയിയായിരുന്നു.