എല്ലാ വിഷയത്തിലും ഫുള്‍ എ പ്ലസ്, സ്‌കൂള്‍ ടോപ്പര്‍ പക്ഷേ അലോട്‌മെന്റ് വന്നപ്പോല്‍ കോഴിക്കോട് സ്വദേശി ഹയ ഫാത്തിമയ്ക്ക് സീറ്റില്ല


കോഴിക്കോട്: ഫുള്‍ എ.പ്ലസ് നേടിയപ്പോള്‍ പനായിക്കുളം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ പത്താം ക്ലാസുകാരി ഹയ ഫാത്തിമയെ ഫ്‌ളക്‌സ് വെച്ച് അഭിനന്ദിച്ചിരുന്നു നാട്ടുകാര്‍. രാഷ്ട്രീയ പാര്‍ട്ടിക്കാരും സന്നദ്ധ സംഘടനകളും നല്‍കിയ ട്രോഫികള്‍ കൊണ്ട് അവളുടെ കുഞ്ഞ് അലമാരയും നിറഞ്ഞിരുന്നു. പക്ഷെ എല്ലാം കഴിഞ്ഞ് പഠിക്കാന്‍ അപേക്ഷിച്ചപ്പോള്‍ സീറ്റില്ല.

കണ്ടെയിനര്‍ ഡ്രൈവറായ പിതാവിന് തന്നെ ഇത്രയും കാലം കഷ്ടപ്പെട്ട് പഠിപ്പിച്ചതിന്റെ ആദ്യ സമ്മാനം കൂടിയായിരുന്നു അവളുടെ പത്താം ക്ലാസിലെ എ.പ്ലസ് നേട്ടം. ഒപ്പം മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പും നേടിയിരുന്നു.

പക്ഷെ ബയോമാത്‌സ് പഠിക്കണമെന്നാഗ്രഹിച്ച് പതിനഞ്ചോളം സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി രണ്ട് അലോട്ട്‌മെന്റിലും അപേക്ഷിച്ചിരുന്നുവെങ്കിലും പഠിക്കാന്‍ സീറ്റ് കിട്ടാത്ത അവസ്ഥയിലാണ് ഈ കൊച്ചുമിടുക്കി. സപ്ലിമെന്ററി ലിസ്റ്റില്‍ സീറ്റ് കിട്ടുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയടക്കം പറയുന്നതെങ്കിലും അത് നടക്കുമെന്ന് തോന്നുന്നില്ലെന്ന് ഹയ ഫാത്തിമ പറയുന്നു.

കുഞ്ഞുന്നാള്‍ മുതലേ പഠിക്കാന്‍ മിടുക്കിയായിരുന്നു. കഷ്ടപ്പെട്ടാണെങ്കിലും മകള്‍ക്ക് എല്ലാ പിന്തുണയുമായി രക്ഷിതാക്കളും കൂടെ നിന്നിരുന്നു. പക്ഷെ ഇനിയങ്ങോട്ട് ഞങ്ങളെ കൊണ്ട് മാത്രം കൂട്ടിയാല്‍ കൂടില്ലെന്ന് സഹതപിക്കുകയാണ് ഹയയുടെ പിതാവ് ഷഫീഖും ഉമ്മ സിജിയും.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ എങ്ങനെ ഞാന്‍ പഠിക്കുമെന്നാണ് ഹയ ചോദിക്കുന്നത്. ഡ്രൈവറായ ഷഫീഖിന് മാനേജ്‌മെന്റ് സ്‌കൂളുകളില്‍ സീറ്റ് വാങ്ങി മകളെ പഠിപ്പിക്കുക എന്നത് ഈ സമയത്ത് ചിന്തിക്കാന്‍പോലും കഴിയില്ല. കൊവിഡ് കാലം കൂടി ആയതോടെ അച്ഛന്റെ ഏക വരുമാനം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോവുന്ന ഹയയ്ക്കും കുടുംബത്തിനും ആരോടാണ് തങ്ങളുടെ നിസ്സഹായാവസ്ഥ പറയേണ്ടത് എന്നത് പോലും അറിയില്ല.

അഡ്മിഷന്‍ കിട്ടാത്തത് കൊണ്ട് ലഭിച്ച എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഹയ. റെഡ് ക്രോസിലുണ്ടെങ്കിലും അത് വെയ്‌റ്റേജ് മാര്‍ക്കില്‍ കൂട്ടില്ല. എന്നാല്‍ എന്‍.എസ്.എസിലും എന്‍.സി.സിയിലുമുള്ള തന്നെക്കാള്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്ക് പോലും അഡ്മിഷനും ലഭിച്ചു. മകള്‍ക്ക് എങ്ങനെയെങ്കിലും സീറ്റ് ലഭിക്കുമോ എന്ന് ചോദിച്ച് നിസ്സഹായതയോടെ പല സ്‌കൂളുകളിലും കയറിയിറങ്ങുകയാണിന്ന് ഹയയും കുടുംബവും.