എല്‍ഡിഎഫിന് മേല്‍ക്കൈ: പിറവും കൊച്ചിയും നിലനിർത്തി, കൊല്ലത്ത് ബിജെപി സിറ്റിങ് സീറ്റ് 300 ലേറെ വോട്ടുകള്‍ക്ക് പിടിച്ചെടുത്ത് യുഡിഎഫ്
തിരുവനന്തപുരം: 32 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 32 വാര്‍ഡുകളിലായി 75.06 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫ് അഞ്ചിടത്തും യു.ഡി.എഫ് നാലിടത്തും ബി.ജെ.പി ഒരിടത്തുമാണ് വിജയിച്ചിരിക്കുന്നത്. കൊല്ലത്ത് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് മൂന്നൂറലേറെ വോട്ടുകള്‍ക്ക് യു.ഡി.എഫ് പിടിച്ചെടുത്തു.
കൊച്ചി കോര്‍പറേഷനില്‍ ഉപതിരഞ്ഞെടുപ്പു നടന്ന ഗാന്ധിനഗര്‍ ഡിവിഷന് എല്‍ഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ 687 വോട്ടിനു പരാജയപ്പെടുത്തിയാണ് എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തിയത്. ഈ വിജയത്തോടെ 74 അംഗ കൗണ്‍സിലില്‍ 4 സ്വതന്ത്രരുടെ ഉള്‍പ്പെടെ 37 പേരുടെ പിന്തുണ എല്‍ഡിഎഫിനുണ്ട്. യുഡിഎഫിനു 32 പേരുടെ പിന്തുണയേയുള്ളൂ. ബിജെപിക്ക് 4 അംഗങ്ങളും. ബിജെപി കൗണ്‍സിലറുടെ മരണത്തെ തുടര്‍ന്ന് ഒരംഗത്തിന്റെ കൂടി ഒഴിവുണ്ട്.
പിറവം നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. യു.ഡി.എഫിനെ 26 വോട്ടിന് പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫ് വിജയിച്ചത്.
കൊല്ലം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പു നടന്ന, രണ്ടു പഞ്ചായത്തു വാര്‍ഡുകളിലും യുഡിഎഫിന് ജയം. തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാര്‍ഡില്‍ ആര്‍എസ്പി സ്ഥാനാര്‍ഥി ജയിച്ചു. മുന്നൂറലേറെ വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തള്ളി യു.ഡി.എഫ് വിജയിച്ചത്.
ബിജെപി അംഗം അയോഗ്യനായതിനെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ്. ഇപ്പോള്‍ ബിജെപി മൂന്നാം സ്ഥാനത്തായി. യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. ചിതറ പഞ്ചായത്ത് സത്യമംഗലം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചു. യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. സര്‍ക്കാര്‍ ജോലി ലഭിച്ചതിനാല്‍ പഞ്ചായത്ത് അംഗം രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. പഞ്ചായത്ത് ഭരിക്കുന്നത് എല്‍ഡിഎഫ് ആണ്.
പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ 8ാം വാര്‍ഡ് (കര്‍ക്കിടകച്ചാല്‍) എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി 380 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. കാഞ്ഞങ്ങാട് നഗരസഭ 30ാം വാര്‍ഡിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. 116 വോട്ടിനാണ് വിജയം.
ഇടുക്കി ജില്ലയിലെ രണ്ട് വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒരു സീറ്റില്‍ യുഡിഎഫും ഒരു സീറ്റില്‍ ബിജെപിയും ജയിച്ചു. രാജാക്കാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ യുഡിഎഫും ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറ വടക്ക് വാര്‍ഡില്‍ ബിജെപി ഒരു വോട്ടിന് ജയിച്ചു. രാജാക്കാട് യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ഇടമലക്കുടിയില്‍ എല്‍ഡിഎഫിന്റെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. ഉപതിരഞ്ഞെടുപ്പ് ഫലം ഇരു പഞ്ചായത്തിലും ഭരണത്തെ ബാധിക്കില്ല.