എല്‍ഇഡി ബള്‍ബുകളിലൂടെ വെളിച്ചം നല്‍കി വിസ്മയിപ്പിച്ച ഭിന്നശേഷിക്കാരനായ പെരുവണ്ണാമൂഴി സ്വദേശി ജോണ്‍സന് ദേശീയ പുരസ്‌ക്കാരം
പേരാമ്പ്ര: പെരുവണ്ണാമൂഴി സ്വദേശി ജോണ്‍സനെ തേടി ദേശീയ പുരസ്‌ക്കാരം. ഭാരത സര്‍ക്കാര്‍ സാമൂഹിക നീതി ആന്‍ഡ് ശാക്തീകരണ മന്ത്രാലയത്തിന്റെ 2020 ലെ ഔട്ട് സ്റ്റാന്‍ഡിംഗ് ക്രിയേറ്റീവ് അഡള്‍ട്ട് ഭിന്നശേഷി മേഖല അവാര്‍ഡാണ് ജോണ്‍സന് ലഭിച്ചത്. എഴുപത്തിയഞ്ച് ശതമാനം ഭിന്നശേഷിക്കാരനായ ജോണ്‍സനെ എല്‍.ഇ.ഡി മേഖലയില്‍ നല്‍കിയ സംഭാവന കണക്കിലെടുത്താണ് അവാര്‍ഡിന് പരിഗണിച്ചത്.
ജോണ്‍സനെ കൂടാതെ കേരളത്തില്‍ നിന്നും മൂന്ന് പേര്‍ക്ക് കൂടി അവാര്‍ഡിന് അര്‍ഹരായി. കാസര്‍ഗോഡ് കൊടക്കാട് സ്വദേശിനി എം.വി സതി, മലപ്പുറം മുട്ടന്നൂരിലെ എന്‍ റിന്‍ഷമോള്‍, കോട്ടയം പുളിയന്നൂരിലെ രശ്മി മോഹന്‍ എന്നിവരാണ്
പുരസ്‌ക്കാരത്തിനര്‍ഹരായ മറ്റുള്ളവര്‍. ഡിസംബര്‍ 3 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സാമൂഹിക നീതി വകുപ്പ് അറിയിച്ചു.
എല്‍ഇഡി ബള്‍ബുകളിലൂടെ വെളിച്ചം നല്‍കി വിസ്മയിപ്പിച്ച ജോണ്‍സണ്‍ കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നിയെ കുടുക്കാന്‍ സോളാര്‍ കെണിയും നിര്‍മ്മിച്ചിരുന്നു. സോളാര്‍ ഇന്‍വെര്‍ട്ടറിലെ സര്‍ക്യൂട്ടിലും മറ്റും കാര്യമായ മാറ്റം വരുത്തിയാണ് സോളാര്‍കെണി തയ്യാറാക്കുന്നത്. മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ടതാണെങ്കിലും സ്വന്തം ആശയങ്ങള്‍ ഇലക്ട്രോണിക്സ് രംഗത്ത് നടപ്പാക്കിയാണ് ജോണ്‍സണ്‍ മുന്നേറിയത്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബമാണ് ജോണ്‍സണ്‍ന്റേത്.