എലിപ്പനി ഭീഷണിയിൽ കേരളം: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: എലിപ്പനിക്കെതിരെ അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാവരും പ്രതിരോധ മരുന്ന് കഴിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ശരിയായ പ്രതിരോധ മാർഗങ്ങളിലൂടെ എലിപ്പനി രോഗബാധയും അതുമൂലമുള്ള മരണവും ഒഴിവാക്കാൻ സാധിക്കും.
മാലിന്യ നിർമാർജനം കാര്യക്ഷമമല്ലാത്തതാണ് രോഗ വ്യാപനത്തിന് കാരണം. മഴ ശക്തമായതോടെ പലയിടത്തും മാലിന്യം ചീഞ്ഞളിഞ്ഞു. മലിന ജലവുമായി സമ്പർക്കം ഉണ്ടായാൽ മൂന്ന് മുതൽ ആറ് ആഴ്ച വരെ കൃത്യമായ അളവിൽ ഡോക്സി സൈക്ലിൻ ഗുളിക കഴിക്കണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉൾപ്പെടെ ഇക്കാര്യത്തിൽ കൃത്യമായ നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് എലിപ്പനി രോഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയവരുടെ എണ്ണവും കൂടുകയാണ്. ഇന്നലെ വരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മാത്രം 1795പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. രോഗ ലക്ഷണങ്ങളോടെ മരണം സംഭവിച്ചവരുടെ എണ്ണം 160 ആണ്.