എലത്തൂരില്‍ പത്തുവയസുകാരിക്ക് ചെള്ളുപനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്


എലത്തൂര്‍: ചെട്ടികുളത്ത് പത്തുവയസുകാരിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. ചെട്ടികുളം കാഞ്ഞൂരി ക്ഷേത്രത്തിനു സമീപത്താണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.

ഇതേത്തുടര്‍ന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സമീപത്തെ കുറ്റിക്കാടുകള്‍ ഉള്‍പ്പെടെ വെട്ടിത്തെളിച്ച് ശുചീകരിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്്. മൂന്നാം വാര്‍ഡില്‍ മറ്റരു കുട്ടിക്ക് മുമ്പ് ചെള്ളുപനി പിടിപെട്ടിരുന്നതായും സംശയമുണ്ട്.

എലി, അണ്ണാന്‍, മുയര്‍ തുടങ്ങി കരണ്ടുതിന്നുന്ന ജീവികളിലെ ചെള്ളുകളില്‍ നിന്നാണ് സ്‌ക്രബ് ടൈഫസ് എ്‌ന ചെള്ളുപനി ഉണ്ടാക്കുന്ന ബാക്ടീരിയ രൂപപ്പെടുന്നത്. വിട്ടുമാറാത്ത പനി, തൊണ്ടവേദന, തലകറക്കം, തലവേദന, പേശിവേദന, ചുമ, ചെങ്കണ്ണ് പോലെ കണ്ണ് ചുവക്കല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. ഓറിയന്റിയ സുസുഗമുഷി എന്ന ബാക്ടീരിയയാണ് സ്‌ക്രബ് ടൈഫസ് ഉണ്ടാക്കുന്നത്. ചിഗ്ഗറുകള്‍ എന്നറിയപ്പെടുന്ന ചെള്ളുകള്‍ വഴിയാണ് ഇത് മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പകരുന്നത്.

സാധാരണ രീതിയില്‍ വലിയ അപകടങ്ങള്‍ ഉണ്ടാക്കാറില്ലെങ്കിലും ചിലപ്പോള്‍ ന്യൂമോണിയ തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസോ ആയി മാറിയാല്‍ മരണം വരെ സംഭവിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചെള്ള് കടിച്ച് രണ്ടാഴ്ച കഴിയുമ്പോഴേക്ക് മാത്രമേ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടൂ. ഉറമ്പോ കൊതുകോ കടിക്കുമ്പോള്‍ ഉണ്ടാകുന്ന തടിപ്പും ചൊറിച്ചിലും ചുവന്ന നിറങ്ങളുമാണ് ആദ്യം ഉണ്ടാവുക.