എലത്തൂരില്‍ കത്തിമുനയില്‍ നിര്‍ത്തി സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത സംഭവം; കുറുവ സംഘത്തെ വീട്ടമ്മ തിരിച്ചറിഞ്ഞു


എലത്തൂർ: ചെട്ടികുളത്തും പുതിയങ്ങാടിയിലും മൂന്നുമാസംമുമ്പ് കവർച്ചനടന്ന വീടുകളിൽ കുറുവാ കള്ളന്മാരെയെത്തിച്ച് പോലീസിന്റെ തെളിവെടുപ്പ്. ചെട്ടികുളം കൊളായിൽ ചന്ദ്രകാന്തത്തിൽ വിജയലക്ഷ്മിയുടെ വീട്ടിലാണ് കുറുവാസംഘത്തെ ആദ്യം എത്തിച്ചത്. കത്തിമുനയിൽ നിർത്തി സ്വർണം ഊരിവാങ്ങിയ കവർച്ചസംഘത്തെ വിജയലക്ഷ്മി തിരിച്ചറിഞ്ഞു. തിരുപ്പുവനം വണ്ടാനഗർ മാരിമുത്തു (ഐയ്യാറെട്ട്), തഞ്ചാവൂർ ബൂധല്ലൂർ അഖിലാണ്ഡേശ്വരിനഗർ പാണ്ഡ്യൻ (സെൽവിപാണ്ഡ്യൻ) എന്നിവരുമായാണ് ഞായറഴ്ച വൈകുന്നേരം പോലീസ് തെളിവെടുപ്പിനെത്തിയത്. കവർച്ചരീതി ഇരുവരും പോലീസിനോട് വിവരിച്ചു.

മാരിമുത്തുവാണ് കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് വിജയലക്ഷ്മി മൊഴിനൽകി. കവർച്ചസമയത്ത് ഇയാൾ രണ്ടുതവണ വിജയലക്ഷ്മിയുടെ കരണത്തടിക്കുകയും ചെയ്തിരുന്നു. കവർച്ചയുടെ മുഖ്യ സൂത്രധാരൻ അന്നശ്ശേരി വേട്ടോട്ടു കുന്നുമ്മൽമീത്തൽ പാണ്ഡ്യൻ (തങ്ക പാണ്ഡി) കവർച്ചസമയത്ത് വീട്ടിനുള്ളിൽ കയറിയിരുന്നില്ല. ഇയാളെ മാറ്റിനിർത്തിയാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

പുതിയങ്ങാടി പാലക്കടയിലെ കോഴിക്കൽ ശോഭിത്തിന്റെ വീട്ടിലും കുറുവസംഘത്തെ എത്തിച്ച് തെളിവെടുത്തു. സ്വർണാഭരണവും അരലക്ഷം രൂപയുമാണ് ഇവിടെനിന്ന് കവർന്നത്. തങ്കപാണ്ഡിയുടെ മകളുടെ വിവാഹത്തിനെത്തിയപ്പോഴാണ് ഇവിടെ കവർച്ച നടത്തിയതെന്ന് വ്യക്തമായി. കവർച്ചയ്ക്കുശേഷം സ്വർണം തങ്കപാണ്ഡിക്ക് കൈമാറി ഇരുവരും തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.

ആക്രിപെറുക്കാനും വിറകുകീറാനും എത്തിയാണ് കവർച്ചയ്ക്ക് പറ്റിയ വീടുകൾ കണ്ടെത്തിയിരുന്നത്. കവർച്ച ചെയ്ത സ്വർണം വിൽപ്പനനടത്തിയ പൂനൂരിലെ ജൂവലറിയിൽനിന്ന് കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. കവർച്ചസംഘത്തിൽപ്പെട്ട പാണ്ഡ്യൻ വിറകുകീറാനായി കുറച്ചുനാൾമുമ്പ് പ്രദേശത്ത് എത്തിയതായാണ് അയൽവാസികളുടെ മൊഴി. നഗരത്തിലെ മോഷണ കേസന്വേഷിക്കുന്ന അസി. കമ്മിഷണർ ബിജുരാജിന്റെ മേൽനോട്ടത്തിലാണ് കേസന്വേഷണം. എലത്തൂർ പ്രിൻസിപ്പൽ എസ്.ഐ. കെ.ആർ. രാജേഷ് കുമാർ, എസ്.ഐ. മാരായ കെ. രാജീവ്, പ്രദീപൻ എന്നിവരാണ് തെളിവെടുപ്പിനെത്തിയത്.