എലത്തൂരിനടുത്ത് സിനിമ സ്റ്റൈലില്‍ സ്വര്‍ണ്ണം കവര്‍ന്ന് സംഘം; ദുബൈയില്‍ നിന്നും മലദ്വാരത്തിലൊളിപ്പിച്ച് കടത്തിയ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി പരാതി


എലത്തൂര്‍: ദുബൈയില്‍ നിന്നും കടത്തിയ സ്വര്‍ണം വീട്ടിലേക്ക് പോകുംവഴി വാഹനം തടഞ്ഞുനിര്‍ത്തി കവര്‍ന്നെന്ന് പരാതി. ചിയൂര്‍ വിഷ്ണുമംഗലം കിഴക്കയില്‍ കെ.കെ ഇല്യാസ് കൊണ്ടുവന്ന സ്വര്‍ണമാണ് നഷ്ടമായത്.

കസ്റ്റംസ് അധികൃതരെ വെട്ടിച്ച് മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന സ്വര്‍ണമാണ് കവര്‍ന്നത്. പൂളാടിക്കുന്നിനു സമീപത്തുവെച്ച് കറുത്ത കാറിലെത്തിയ സംഘം വാഹനം തടഞ്ഞുനിര്‍ത്തിയാണ് കവര്‍ച്ച നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തെക്കുറിച്ച് ഇല്യാസ് പൊലീസിനോടു പറഞ്ഞത്: ദുബൈയില്‍ ഡ്രൈവറായിരുന്നെങ്കിലും രണ്ടുമാസത്തോളമായി കമ്പനിയില്‍ ജോലിയില്ലാതിരുന്നതിനാലും സഹോദരന്റെ വിവാഹമായതിനാലും നാട്ടിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നില്ല. ഈ വിവരം ദുബൈയിലുണ്ടായിരുന്ന സുഹൃത്ത് അന്‍സാറിനോടു പറഞ്ഞപ്പോള്‍ മൂന്നു കഷണം സ്വര്‍ണം നാട്ടിലെത്തിച്ചാല്‍ 60,000 രൂപയും വിമാനടിക്കറ്റും നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ഇതുപ്രകാരം 20ന് സ്വര്‍ണം കൈമാറുകയും മലദ്വരത്തില്‍ ഒളിപ്പിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തെത്തിക്കുകയും ചെയ്തു.

ജ്യേഷ്ഠന്റെ കാറില്‍ തന്നെകൂട്ടികൊണ്ടുവരാന്‍ സഹോദരനും സുഹൃത്തും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ഇവര്‍ക്കൊപ്പം രാമനാട്ടുകരക്ക് സമീപമെത്തിയപ്പോള്‍ ഹോട്ടലില്‍ കയറി മലദ്വാരത്തില്‍ നിന്നും സ്വര്‍ണം പുറത്തെടുക്കുകയും കാറിന്റെ മുന്‍ഭാഗത്തെ ഡാഷ്‌ബോക്‌സില്‍ സ്വര്‍ണം ഇട്ട് യാത്ര തുടരുകയും ചെയ്തു.

പുറക്കാട്ടിരിയില്‍വെച്ച് ഒരു കറുത്ത കാര്‍ വാഹനത്തിന് കുറുകെ നിര്‍ത്തുകയും നാലു പേരിറങ്ങി വണ്ടിയുടെ ബോക്‌സില്‍ നിന്ന് സ്വര്‍ണവും പതിനായിരം രൂപയും എടുത്ത് കൊണ്ടുപോകുകയും ചെയ്തു.

സംഭവത്തില്‍ എലത്തൂര്‍ പൊലീസ് കേസെടുത്തു. തടഞ്ഞുനിര്‍ത്തിയ കാറിന്റെ നമ്പര്‍ അറിയില്ലെന്നാണ് ഇല്യാസ് പൊലീസിനെ അറിയിച്ചത്.